ബറോഡ: വിസ്​ഫോടനാത്​മക ബാറ്റിങ്ങിന്‍റെ ശൗര്യവുമായി ഇന്ത്യന്‍ ക്രിക്കറ്റിനെ ത്രസിപ്പിച്ച യൂസുഫ്​ പത്താന്‍ കളിയുടെ പോര്‍വീര്യങ്ങളില്‍നിന്ന്​ പാഡഴിച്ചുപിന്‍വാങ്ങി. ഇന്ത്യക്കുവേണ്ടി ബാറ്റിങ്ങിലും ബൗളിങ്ങിലും മികവുറ്റ പ്രകടനങ്ങള്‍ കാഴ്ചവെച്ച 38കാരന്‍ ട്വിറ്ററിലൂടെയാണ്​ കളിയില്‍നിന്ന്​ വിരമിക്കുന്ന വിവരം അറിയിച്ചത്​. രാജ്യാന്തര മത്സരങ്ങളും ഫസ്റ്റ്​ ക്ലാസ്​ ക്രിക്കറ്റും ഉള്‍പെടെ എല്ലാ ഫോര്‍മാറ്റുകളില്‍നിന്നും വിരമിക്കുന്നതായാണ്​ യൂസുഫിന്‍റെ പ്രഖ്യാപനം.

ഇന്ത്യന്‍ ടീമിനൊപ്പം രണ്ടു ലോകകപ്പ്​ വിജയങ്ങളില്‍ പങ്കാളിയാണ്​ ഈ ബറോഡക്കാരന്‍​. 2007ലെ ട്വന്‍റി20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലും ഈ വെടിക്കെട്ടുവീരന്‍റെ കൈയൊപ്പുണ്ട്​. കൊല്‍ക്കത്ത നൈറ്റ്​റൈഡേഴ്​സ്​ നിരയില്‍ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം, ടീമിനൊപ്പം ഐ.പി.എല്‍ വിജയത്തിലും പങ്കാളിയായി. നൈറ്റ്​റൈഡേഴ്​സി​െനാപ്പം രണ്ടു തവണയും രാജസ്​ഥാന്‍ റോയല്‍സിനൊപ്പം ഒരു തവണയും ചാമ്ബ്യന്‍പട്ടത്തിലേറി. ‘ഇത്രകാലം എന്‍റെ നിറമനസ്സോടെ പിന്തുണക്കുകയും സ്​നേഹിക്കുകയും ചെയ്​ത എന്‍റെ കുട​ുംബം, സുഹൃത്തുക്ക​ള്‍, ആരാധകര്‍, ടീമുകള്‍, പരിശീലകര്‍ എന്നിവര്‍ക്കെല്ലാം ഈ അവസരത്തില്‍ നന്ദി അറിയിക്കുന്നു’-വിരമിക്കല്‍ ​തീരുമാനം വിശദീകരിക്കുന്ന കുറിപ്പില്‍ യൂസുഫ്​ എഴുതി. മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍റെ സ​ഹോദരനാണ്​ യൂസുഫ്​.

57 ഏകദിനങ്ങളില്‍ രണ്ടു സെഞ്ച്വറിയടക്കം 810 റണ്‍സ്​ നേടിയ യൂസുഫിന്‍റെ സ്​ട്രൈക്​ റേറ്റ്​ 113.60 ആണ്​. 22 ട്വന്‍റി20 മത്സരങ്ങളില്‍ 236 റണ്‍സും നേടിയിട്ടുണ്ട്​. 100 ഫസ്റ്റ്​ ക്​ളാസ്​ മത്സരങ്ങളിലും 199 ലിസ്റ്റ്​ എ മത്സരങ്ങളിലും കളത്തിലിറങ്ങിയ ഓള്‍റൗണ്ടര്‍ ഐ.പി.എല്‍ ഉള്‍പെടെ മൊത്തം 274 ട്വന്‍റി20 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്​. ട്വന്‍റി20യില്‍ മൊത്തം ഒരു സെഞ്ച്വറിയും 21 അര്‍ധസെഞ്ച്വറിയുമടക്കം 140 സ്​ട്രൈക്​ റേറ്റില്‍ 4852 റണ്‍സ്​ നേടി.

ഏകദിനങ്ങളില്‍ 33ഉം രാജ്യാന്തര ട്വന്‍റി20യില്‍ 13ഉം വിക്കറ്റെടുത്തിട്ടുണ്ട്​. ട്വന്‍റി20 കരിയറില്‍ മൊത്തം 99 വിക്കറ്റാണ്​ സമ്ബാദ്യം. ലിസ്റ്റ്​ എയില്‍ 124ഉം ഫസ്റ്റ്​ക്ലാസ്​ ക്രിക്കറ്റില്‍ 201ഉം വിക്കറ്റുകള്‍ക്ക്​ ഉടമയാണ്​.

LEAVE A REPLY

Please enter your comment!
Please enter your name here