നെയ്മര്‍: ഇവനാണ് ഞങ്ങ പറഞ്ഞ നടന്‍

0

വിജയം മാത്രം ലക്ഷ്യമിട്ടാണ് ഇന്നലെ ബ്രസീല്‍ ഇറങ്ങിയതു തന്നെ. ലോകമെങ്ങുമുള്ള മഞ്ഞപ്പടയുടെ ആരാധകരെ അര്‍ജന്റിനയുടെ ഗതിയിലാക്കാന്‍ നെയ്മറും കൂട്ടരും ഒട്ടും ആഗ്രഹിച്ചില്ല. കൈമെയ്യ് മറന്ന് പോരാടിയിട്ടും കോസ്റ്ററിക്കയുടെ കനത്ത പ്രതിരോധത്തില്‍ മുട്ടി പലവട്ടം മുട്ടുകുത്തി. നെയ്മറടക്കം നിരവധി തവണ കോസ്റ്ററിക്കന്‍ ഗോള്‍വല കുലുക്കാന്‍ ശ്രമിച്ചിട്ടും പതറാതെ വല കാത്ത് കെയ്‌ലര്‍ നവാസ് ഒരറ്റത്ത് മല പോലെ നിന്നതും ബ്രസീലിനെ കുഴക്കി.

കോസ്റ്ററിക്കയാകട്ടെ ഗോള്‍ ശ്രമങ്ങളെല്ലാം ഒഴിവാക്കി, ബ്രസീലിനെ പ്രതിരോധിക്കുന്നതില്‍ മാത്രം ശ്രദ്ധിച്ചതും വിനയായി. പാഞ്ഞടുക്കുന്ന ബ്രസീലിന്റെ പന്തുകളെ ഗോള്‍മുഖത്തുനിന്ന് പായിക്കാന്‍ മാത്രമായി അവര്‍ കളം നിറഞ്ഞു. രണ്ടാം പകുതി കടന്നിട്ടും പന്ത് വലകയറാതെ വലഞ്ഞപ്പോഴാണ് ലോകതാരം നെയ്മറുടെ അഭിനയപാടവം ലോകം കണ്ടത്.

ഗതികെട്ടാല്‍ പുലിയും പുല്ലുതിന്നുമെന്നത് ഓര്‍മ്മിപ്പിച്ച് നെയ്മറുടെ ‘അഭിനയം’. പെനാല്‍റ്റി കിട്ടാനുള്ള ശ്രമം ആദ്യഘട്ടത്തില്‍ അനുവദിക്കപ്പെട്ടെങ്കിലും വീഡിയോ അസിസ്റ്റന്റ് റഫറിയുടെ പരിശോധനയില്‍ അഭിനയത്തിന് ഓസ്‌കര്‍ അവാര്‍ഡ് നല്‍കി, ആ പെനാലിറ്റിയും പിന്‍വലിക്കപ്പെട്ടു. കോസ്റ്ററിക്കന്‍ താരം തട്ടിവീഴ്ത്തിയെന്ന മട്ടില്‍ കളിക്കളത്തില്‍ നിലവിളിച്ചു വീണ നെയ്മര്‍ നാണക്കേടിന്റെ പടുകുഴിയില്‍ വീണെങ്കിലും അവസാനനിമിഷം രണ്ടുതവണ വല കുലുക്കിയ ബ്രസീല്‍ ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടു.

ഇഞ്ച്വറി ടൈമിലെ അവസാനഗോള്‍ നെയ്മറുടെ വകയായതോടെ, ലോകം ആ അഭിനേതാവിനെ മറന്നു. ഇന്നലെ വിജയം കിട്ടാതെ പോയിരുന്നെങ്കില്‍ നെയ്മറെന്ന താരത്തിന്റെ നാടകം വന്‍വിമര്‍ശനത്തിനിടയാക്കിയേനെ. തോറ്റുകൂടാരം കയറുമ്പോഴും അര്‍ജന്റിനയുടെ ലയണല്‍ മെസിക്ക് ഈ വഴക്കമില്ലെന്നതും നെയ്മറുടെ നെയ്യിളക്കിയേനെ.

LEAVE A REPLY

Please enter your comment!
Please enter your name here