കിംഗ്സ്റ്റണ്‍: ഏതൊരു ടീമിലെയും ബാറ്റ്‌സ്മാന്‍മാരുടെ നെഞ്ചിടിപ്പ് കൂട്ടിയിരുന്നവരായിരുന്നു വിന്‍ഡീസിന്റെ പേസ് ബൗളര്‍മാര്‍. കരീബിയന്‍ മണ്ണില്‍ അതേരീതിയില്‍ വിന്‍ഡീസ് ബാറ്റ്‌സ്മാന്‍മാരുടെ നെഞ്ചിടിപ്പിന്റെ ആഴം അളക്കുന്നതായി ബുമ്രയുടേ ഓരോ പന്തുകളും.

ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ വിജയത്തിലെ നിര്‍ണ്ണായക സാന്നിധ്യമായ ബുംറ രണ്ടാം ടെസ്റ്റിലും വിന്‍ഡീസിനെതിരെ നാശം വിതച്ചു. ടെസ്റ്റ് ചരിത്രത്തില്‍ മൂന്നാം ഹാട്രിക്ക് നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടവും ബുംറ ഇന്നലെ എറിഞ്ഞിട്ടു. ഒന്‍പതാം ഓവറില്‍ ആഞ്ഞടിച്ചാണ് മൂന്നു വിക്കറ്റുകള്‍ പുഴുതത്. രണ്ടാം പന്തില്‍ ഡാരന്‍ ബ്രാവോയെ പുറത്താക്കിയ ബുംറ തൊട്ടടുത്ത പന്തുകളില്‍ ബ്രൂക്ക്‌സിനെയും ചെയ്‌സിനെയുമാണ് കൂടാരത്തിലെത്തിച്ചത്. ഹര്‍ഭജന്‍ സിംഗ്, ഇര്‍ഫാന്‍ പത്താന്‍ എന്നിവരാണ് ഇന്ത്യക്ക് വേണ്ടി നേരത്തെ ടെസ്റ്റില്‍ ഹാട്രിക്ക് വിക്കറ്റ് നേടിയിട്ടുള്ള താരങ്ങള്‍.

നേരത്തെ ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ 416 ന് പുറത്തായിരുന്നു. രണ്ടാം ദിനം കളിയവസാനിപ്പിക്കുമ്പോള്‍ വിന്‍ഡീസ് 7ന് 87 എന്ന നിലയിലാണ്. ആറ് വിക്കറ്റുകളാണ് ബുംറ കീശയിലാക്കിയത്. 9.1 ഓവറില്‍ 16 റണ്‍സ് വഴങ്ങിയാണ് ബുംറ ആറ് വിക്കറ്റ് നേട്ടത്തിലെത്തിയത്. ഷമിക്കാണ് ഒരു വിക്കറ്റ്.

നേരത്തെ കരിയറിലെ ആദ്യ അന്താരാഷ്ട്ര സെഞ്ചുറി നേടിയ ഹനുമ വിഹാരിയുടെ മികവിലാണ് കിംഗ്സ്റ്റണ്‍ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ 416 റണ്‍സ് നേടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here