ചെന്നൈയുടെ നായകവേഷത്തിൽ എം എസ് ധോണി 200 മത്സരങ്ങൾ തികച്ച കളിയിൽ രാജസ്ഥാനെതിരെ 45 റൺസിന്റെ തകർപ്പൻ ജയം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിംഗ്സ്. ചെന്നൈ ഉയർത്തിയ 189 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന്റെ പോരാട്ടം 9 വിക്കറ്റ് നഷ്ടത്തിൽ 143 റൺസിന് അവസാനിച്ചു. ചെന്നൈ സ്പിന്നർമാരായ രവീന്ദ്ര ജഡേജയും മൊയീൻ അലിയും രാജസ്ഥാൻ ബാറ്റിങ് നിരയുടെ നട്ടെല്ല് എറിഞ്ഞൊടിക്കുകയായിരുന്നു. മത്സരത്തിൽ മൊയീൻ അലി മൂന്നും, രവീന്ദ്ര ജഡേജയും സാം കറനും രണ്ട് വീതം വിക്കറ്റുകളും നേടി. ജഡേജയുടെ അസാമാന്യ ഫീൽഡിങ്ങും മത്സരത്തിൽ നിർണായകമായി. നാല് ക്യാച്ചുകളാണ് ജഡേജ മത്സരത്തിൽ നേടിയത്.

189 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ രാജസ്ഥാന് പവർ പ്ലേയിൽ രണ്ട് വിക്കറ്റുകൾ നഷ്ടമായിരുന്നു. സാം കറനായിരുന്നു രണ്ട് വിക്കറ്റുകളും നേടിയത്. സ്കോർ 30ൽ എത്തിയപ്പോഴാണ് ഓപ്പണർ മനൻ വോറ മടങ്ങുന്നത്. സാം കറൻ എറിഞ്ഞ ആറാം ഓവറിൽ അഞ്ചു ബോളിൽ ഒരു റൺ മാത്രം നേടി നായകൻ സഞ്ജുവും കൂടാരം കയറി. അപ്പോഴും ഒരറ്റത്ത് ജോസ് ബട്ട്ലർ രാജസ്ഥാൻ സ്കോർ ഉയർത്തിക്കൊണ്ടിരുന്നു. എന്നാൽ, രവീന്ദ്ര ജഡേജയുടെയും മൊയീൻ അലിയുടെയും മധ്യ ഓവറുകളിൽ രാജസ്ഥാൻ ടീം തകർന്നടിയുകയായിരുന്നു. ജഡേജ എറിഞ്ഞ പന്ത്രണ്ടാം ഓവറിൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തിക്കൊണ്ട് ചെന്നൈ കളി കയ്യിലൊതുക്കി. ബട്ട്ലറിന് ഒരു റൺസ് അകലെയാണ് അർദ്ധ സെഞ്ച്വറി നഷ്ടമായത്. ഓവറിലെ അവസാന പന്തിൽ ശിവം ഡൂബെയെ എൽ ബി ഡബ്ലിയുവിലാണ് ജഡേജ വീഴ്ത്തിയത്.

തൊട്ടടുത്ത ഓവറിൽ മൊയീൻ അലി സ്റ്റോക്സിന്റെ പകരക്കാരനായി ടീമിലെത്തിയ ഡേവിഡ് മില്ലറെ രണ്ട് റൺസ് നേടുമ്പോഴേക്കും മടക്കി. ഇതോടെ രാജസ്ഥാൻ അഞ്ചു വിക്കറ്റിന് 92 റൺസ് എന്ന നിലയിൽ വീണു. പതിനഞ്ചാം ഓവറിൽ പിന്നെയും തിരിച്ചെത്തിയ അലി ആദ്യ പന്തിൽ തന്നെ റിയാൻ പരാഗിനെ ജഡേജയുടെ കൈകളിൽ എത്തിച്ചു. അതേ ഓവറിൽ ഐ പി എല്ലിലെ വില കൂടിയ താരമായ ഓൾ റൗണ്ടർ റൺസൊന്നും നേടാതെ പുറത്തായി. ഇതോടെ ചെന്നൈ ഏതാണ്ട് ജയം ഉറപ്പിക്കുകയായിരുന്നു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ ടീം പതിയെയാണ് തുടങ്ങിയത്. പവർപ്ലേ തീരുന്നതിനു മുന്നേ തന്നെ ഓപ്പണർമാരെ രാജസ്ഥാൻ ടീം മടക്കിയിരുന്നു. ഗെയ്ക്വാട് ഇത്തവണയും ആരാധകരെ നിരാശപ്പെടുത്തി. ഇന്നത്തെ മത്സരത്തിൽ 13 പന്തിൽ നിന്നും 10 റൺസ് മാത്രം നേടിയാണ് പുറത്തായത്. ഇതോടെ ഈ സീസണിൽ മൂന്ന് കളികളിൽ നിന്നും 20 റൺസ് മാത്രമാണ് താരത്തിന്റെ സമ്പാദ്യം.

വിക്കറ്റ് നഷ്ടപ്പെട്ടത്തിന് ശേഷം ഡൂപ്ലെസി ബൗളർമാരെ കടന്നാക്രമിച്ച് കളിക്കാൻ തുടങ്ങിയെങ്കിലും അധികനേരം ക്രീസിൽ പിടിച്ചു നിൽക്കാൻ താരത്തിന് കഴിഞ്ഞില്ല. 17 പന്തിൽ 33 റൺസെടുത്ത ഡൂപ്ലെസിയെ ക്രിസ്സ് മോറിസാണ് കൂടാരം കയറ്റിയത്. പത്താം ഓവറിൽ രാഹുൽ തെവാത്തിയ 26 റൺസെടുത്ത മൊയീൻ അലിയെ റിയാൻ പരാഗിന്റെ കൈകളിൽ എത്തിച്ചു.

അവസാന ഓവറുകളിൽ 8 ബോളിൽ നിന്ന് 20 റൺസെടുത്ത ബ്രാവോയാണ് ചെന്നൈ ടീമിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. നായകൻ ധോണി ഇന്നും ആരാധകരെ നിരാശപ്പെടുത്തി. 17 ബോളിൽ 18 റൺസ് മാത്രം നേടാനേ താരത്തിന് കഴിഞ്ഞുള്ളു.

LEAVE A REPLY

Please enter your comment!
Please enter your name here