പാലക്കാട് | റോളര്‍ സ്‌കേറ്റിംഗ് പരിശീലനത്തിനായി കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര നിലവാരമുള്ള സിന്തറ്റിക് ട്രാക്ക് പാലക്കാട് കണ്ണാടിയില്‍ തയാറായി. തരുവക്കുറിശ്ശിയില്‍ ഒരേക്കര്‍സ്ഥലത്ത് 185 മീറ്ററിലാണ് ട്രാക്ക് നിര്‍മിച്ചത്. നാല് സ്വകാര്യവ്യക്തികളുടെ കൂട്ടായ സംരംഭമായ ‘യശ്വന്തസ് അക്കാദമി ഓഫ് റോളര്‍ സ്‌കേറ്റിങ്ങാ’ണ് ട്രാക്കിന്റെ നിര്‍മ്മാതാക്കള്‍.
ഡൗണ്‍ഹില്‍, സ്‌കേറ്റ് ബോര്‍ഡിങ് എന്നീ ഇനങ്ങളൊഴിച്ച് സ്‌കേറ്റിങ്ങിലെ എല്ലാ ഗെയിമുകള്‍ക്കും ഇവിടെ പരിശീലനം നല്‍കാനാകുമെന്ന് സംരംഭകര്‍ വ്യക്തമാക്കി. ഒരേസമയം 50 പേര്‍ക്ക് പരിശീലിക്കാന്‍ സാധിക്കും. 70 ലക്ഷത്തിലേറെ രൂപ ചെലവിട്ടാണ് ട്രാക്ക് നിര്‍മിച്ചത്. നിലവില്‍ മലബാര്‍മേഖലയില്‍നിന്നുള്ള കുട്ടികള്‍ പരിശീലനത്തിന് ആശ്രയിക്കുന്നത് കോയമ്പത്തൂരിലെ ട്രാക്കുകളെയാണ്.
കേരളത്തില്‍ സംസ്ഥാനതല മത്സരങ്ങള്‍ നടക്കുന്നതുപോലും വോളിബോള്‍, ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ടുകളിലാണ്.