ആജീവനാന്ത വിലക്ക് തുടരും, ഡിവിഷന്‍ ബഞ്ച് തീരുമാനം കഠിനമെന്ന് ശ്രീശാന്ത്

0

കൊച്ചി: ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ ക്രിക്കറ്റ് താരം ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് തുടരും. വിലക്ക് റദ്ദാക്കിയ സിംഗിള്‍ ബഞ്ച് ജഡ്ജിയുടെ ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് റദ്ദാക്കി. ബിസിസിഐ നല്‍കിയ അപ്പീല്‍ അനുവദിച്ചാണ് ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്.

ശ്രീശാന്തിന് ബി.സി.സി.ഐ ഏര്‍പ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് ഹൈക്കോടതി സിംഗിള്‍ ബഞ്ച് നീക്കിയിരുന്നു. കേസില്‍ ശ്രീശാന്തിനെ ഡല്‍ഹി കോടതി വെറുതെ വിട്ട സാഹചര്യത്തില്‍ ബി.സി.സി.ഐയുടെ വിലക്ക് തുടരേണ്ട ആവശ്യമില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ബി.സി.സി.ഐ നടപടി സ്വാഭാവിക നീതിനിഷേധമാണെന്നു കോടതി പറഞ്ഞിരുന്നു. എന്നാല്‍ വിലക്കു നീക്കാനാവില്ലെന്നായിരുന്നു ബിസിസിഐയുടെ വാദം.

ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി കഠിനമെന്ന്  ശ്രീശാന്ത് പ്രതികരിച്ചു. എനിക്കു മാത്രം പ്രത്യേക നിയമമാണോ. യഥാര്‍ത്ഥ പ്രതികളുടെ അവസ്ഥ എന്താണ്, ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെയും രാജസ്ഥാന്‍ റോയല്‍സിന്റെയും കാര്യത്തില്‍ എന്താണ് തീരുമാനം. അവകാശങ്ങള്‍ക്കായി പോരാട്ടം തുടരുമെന്നും വിട്ടുനല്‍കില്ലെന്നും ശ്രീശാന്ത് ട്വിറ്ററില്‍ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here