സൗദിയുടെ കെണിയിൽ കുടുങ്ങി മെസിപ്പട, ആദ്യ മത്സരത്തിൽ അർജന്റീനയ്ക്ക് ഞെട്ടിക്കുന്ന തോൽവി

ദോഹ | ഖത്തർ ലോകകപ്പിൽ വിജയിച്ചു തുടങ്ങാമെന്ന അർജന്റീനിയൻ സ്വപ്നം മാത്രമല്ല പൊലിഞ്ഞത്. ലോക ഫുട്ബോൾ നെറുകയിലേക്ക് തുടർച്ചയായ 37 വിജയങ്ങളുമായി നടന്നു കയറാനെത്തിയ മെസിയും കൂട്ടരും ലുസെയ്ൽ സ്റ്റേഡിയത്തിൽ സൗദി അറേബ്യൻ തന്ത്രങ്ങൾ കണ്ട് അക്ഷരാത്ഥത്തിൽ ഞെട്ടി. ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ തേരോട്ടം കാണാൻ കാത്തു കാത്തിരുന്ന ആരാധക ലക്ഷങ്ങളെ കണ്ണീരിലാഴ്ത്തി സൗദി അറേബ്യ ഐതിഹാസിക വിജയം നേടി. ലോകം ഞെട്ടിയ ചരിത്ര അട്ടിമറിയായി കളി മാറുകയും ചെയ്തു.

ആദ്യ പകുതിയിൽ ലയണൽ മെസ്സി നേടിയ പെനൽറ്റി ഗോളിൽ പിന്നിലായിരുന്ന സൗദി, രണ്ടാം പകുതിയുടെ തുടക്കത്തിലെ കണക്കു തീർത്തു. അഞ്ച് മിനിറ്റിനിടെ രണ്ടു ഗോൾ തിരിച്ചടിച്ച സൗദി നിലപാട് വ്യക്തമാക്കിയതോടെ ആരാധകർ അർജന്റീനിയർ മറുപടിക്കായി മുറവിളി കൂട്ടി. എന്നാൽ അതുണ്ടായില്ല. ആദ്യ പകുതിയിൽ അര ഡസൻ അർജന്റീനിയൻ മുന്നേറ്റങ്ങളെ ഓഫ് സൈഡ് കെണിയിൽ കുടുക്കിയതാണ് കണ്ടതെങ്കിൽ രണ്ടാം പകുതിയിൽ മുന്നേറ്റങ്ങളെ ശക്തമായി പ്രതിരോധിക്കുന്ന സൗദിയെയും കണ്ടു. അർജന്റീനയുടെ അലകടലായുള്ള ആക്രമണങ്ങളെ കൂട്ടത്തോടെ സൗദി പ്രതിരോധിച്ചതും അവരെ വിജയം പിടിച്ചുവാങ്ങാൻ സഹായിച്ചു.

സാല അൽ ഷെഹ്റി (48), സാലെം അൽ ഡവ്‌‍സാരി (53) എന്നിവരാണ് സൗദിക്കായി ഗോൾ നേടിയത്. ആദ്യ പകുതിയുടെ 10–ാം മിനിറ്റിൽ സൂപ്പർ താരം ലയണൽ മെസ്സി പെനൽറ്റിയിൽനിന്നാണ് അർജന്റീനയുടെ ഗോൾ നേടിയത്. അർജന്റീനയുടെ മൂന്നു ഗോളുകളാണ് സൗദി ഓഫ്സൈഡ് കെണിയിൽ കുരുക്കിയത്.

Saudi Arabia stun Lionel Messi and Argentina

LEAVE A REPLY

Please enter your comment!
Please enter your name here