രാജ്യത്തിന്റെ ഹീറോയായി മാറി മിനിട്ടുകള്‍ക്കകം ചുവപ്പു കാര്‍ഡുമായി ചിരിച്ചുകൊണ്ട് ഒരു താരം കളം വിടുന്നത് ഫുട്‌ബോള്‍ ചരിത്രത്തിലെ അപൂര്‍വ്വ കാഴ്ചയാണ്. ഇഞ്ച്വറി ടൈമിലെ അവിശ്വസനീയമായ ഹെഡ്ഡറിലൂടെ കാമറൂണിനെ മുന്നിലെത്തിച്ചാണ് അബൂബക്കര്‍ താരമായത്. ജേഴ്‌സി ഊരി ആഘോഷിച്ച അബൂബക്കറെ അടുത്തെത്തിയ റഫറി ആദ്യം അഭിനന്ദിച്ചു. പിന്നാലെ യെല്ലോ കാര്‍ഡ് നല്‍കാനും മറന്നില്ല. രണ്ട് മഞ്ഞ കാര്‍ഡും വാങ്ങി അതൊന്നും വലിയ കാര്യമല്ലെന്ന മട്ടില്‍ ചിരിച്ചുകൊണ്ട് കളം വിടുന്നത് കാല്‍പ്പന്ത് കളിയുടെ മനോഹരക്കാഴ്ചയായി. റഫറി ഫൗള്‍ വിളിച്ചപ്പോഴും അതൊന്നും വലിയ കാര്യമല്ലെന്ന രീതിയില്‍ ആഘോഷം തുടരുകയായിരുന്നു താരം.
ടീമിന്റെ വിജയം ഉറപ്പാക്കിയതോടെ കൈ ഉയര്‍ത്തി കാണികളെയും സഹതാരങ്ങളെയും അഭിവാദ്യം ചെയ്തായിരുന്നു മടക്കവും. പ്രീക്വാര്‍ട്ടര്‍ കാണാതെയാണ് കാമറൂണ്‍ ഇന്നലെ പുറത്തായത്. 2002 ലെ ലോകകപ്പിലായിരുന്നു ഇതിനു മുമ്പ് കാമറൂണ്‍ അവസാനമായി ഒരു ലോകകപ്പ് മത്സരം ജയിച്ചത്. ലോകകപ്പില്‍ ബ്രസീലിനെതിരെ ഗോള്‍ നേടുന്ന ആദ്യ താരവും ലോകകപ്പ് ചരിത്രത്തില്‍ തന്നെ ബ്രസീലിനെതിരെ ഗോള്‍ നേടുന്ന ആദ്യ ആഫ്രിക്കന്‍ താരവുമായി അബൂബക്കര്‍ രേഖകളില്‍ ഇടം നേടി. ഒരു ആഫ്രിക്കന്‍ രാജ്യത്തോടുള്ള ആദ്യ തോല്‍വിക്കും മത്സരം വേദിയായി.