കോവിഡ് കുത്തിവയ്പ്പ് എടുത്തില്ല, ടെന്നീസ് ചാമ്പ്യന്‍ നോവാക് ജോക്കോവിച്ചിനെ ഓസ്‌ട്രേലിയയിലേക്ക് പ്രവേശിപ്പിച്ചില്ല

മെല്‍ബണ്‍: കോവിഡ് വാക്‌സിന്‍ എടുക്കാതെ, ടൂര്‍ണമെന്റില്‍ കളിക്കാന്‍ ഓസ്‌ട്രേലിയയിലെത്തിയ ടെന്നീസ് ചാമ്പ്യന്‍ നോവാക് ജോക്കോവിച്ചിനെ വിമാനത്താവളത്തില്‍ തടഞ്ഞു. നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് മെല്‍ബണ്‍ വിമാനത്താവളത്തില്‍ താരത്തെ തടഞ്ഞത്. മെല്‍ബണിലെ ഹോട്ടലില്‍ ക്വാര്‍ന്റീനാക്കിയ ജോക്കോവിച്ചിനെ ഇന്ന് തന്നെ സെര്‍ബിയയിലേക്ക് മടക്കി അയച്ചേക്കും.

ഓസ്‌ട്രേലിയയിലേക്കു പുറപ്പെടുന്നതിനു മുന്നേ, വാക്സിന്‍ ഡോസുകള്‍ മുഴുവന്‍ എടുത്തിട്ടില്ലെങ്കിലും ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ അധികൃതര്‍ ഇളവ് നല്‍കിയെന്ന് താരം സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചിരുന്നു. എന്നാല്‍ മെല്‍ബണ്‍ വിമാനത്താവളത്തില്‍ സംഭവിച്ചത് മറ്റൊന്നാണ്. വിമാനം ഇറങ്ങിയ താരത്തോട് വാക്സിന്‍ ഡോസുകള്‍ പൂര്‍ണമായി എടുത്ത സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ പ്രവേശനാനുമതി നല്‍കാനാവില്ലെന്നു വ്യക്തമാക്കുകയായിരുന്നു. വാക്സിന്‍ എടുക്കാത്തതിന് കൃത്യമായ ആരോഗ്യകാരണങ്ങള്‍ ബോധ്യപ്പെടുത്തുന്ന തെളിവ് ഹാജരാക്കാന്‍ ജോക്കോയ്ക്ക് കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ട്.

ജോക്കോയ്ക്ക് ഇളവ് അനുവദിക്കുന്നതിനെതിരെ ഓസ്ട്രേലിയയില്‍ തന്നെ കടുത്ത പ്രതിഷേധമുണ്ടായിരുന്നു. അതുകൂടി പിരഗണിച്ചാണ് സര്‍ക്കാരിന്റെ നടപടി. നിയമം എല്ലാവര്‍ക്കും ബാധകമാണെന്നായിരുന്നു ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസ് വിഷയത്തില്‍ പ്രതികരിച്ചത്. ഇളവ് അനുവദിച്ചെന്ന അവകാശവാദമല്ലാതെ കൃത്യമായ രേഖ ഹാജരാക്കിയില്ലെങ്കില്‍ അടുത്ത വിമാനത്തില്‍ തന്നെ താരത്തിന് നാട്ടിലേക്ക് തിരിച്ചുപോകേണ്ടി വരുമെന്ന് ജോക്കോവിച്ച് എത്തുന്നതിന് ഒരു ദിവസം മുമ്പ് തന്നെ മോറിസണ്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം, താരത്തിനു പ്രവേശനാനുമതി നല്‍കാത്തതിനെതിരെ സെര്‍ബിയ രംഗത്തെത്തിയിട്ടുണ്ട്.

നടപടിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ജോക്കോവിച്ചിന്റെ അഭിഭാഷകന്‍ അറിയിച്ചു. ജനുവരി 17 നാണ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്. 20 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടിയ താരമാണ് ജോക്കോവിച്ച്. താരത്തിനു ടൂര്‍ണമെന്റില്‍ മത്സരിക്കാനാകുമോയെന്നാണ് ടെന്നീസ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here