സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനിടെ മലയാളി താരം ആശുപത്രിയിൽ മരിച്ചു, 10 വയസുകാരി ചികിത്സാപ്പിഴവ് നേരിട്ടെന്ന് ആരോപണം

മുംബൈ / അമ്പലപ്പുഴ | ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ നാഗ്പുരിലെത്തിയ കേരള ടീമിലെ 10 വയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു. അമ്പലപ്പുഴ കാക്കാഴം സ്വദേശിനി ഫാത്തിമ നിദ ഷിഹാബുദ്ദീനാണ് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ഏഴരപ്പീടിക പുറക്കാടൻ സുഹ്റ മൻസിലിൽ ഷിഹാബുദ്ദീന്റെയും അൻസിലയുടെയും മകളാണ്.

ഡോക്ടറെ കാണാൻ താമസസ്ഥലത്തുനിന്ന് 100 മീറ്റർ മാത്രം ദൂരെയുള്ള ശ്രീകൃഷ്ണ ആശുപത്രിയിൽ കോച്ച് ജിതിനും ടീമിലെ മുതിർന്ന വനിതാ അംഗത്തിനും ഒപ്പം നടന്നെത്തിയ കുട്ടി കുത്തിവയ്പിനു പിന്നാലെ കുഴഞ്ഞു വീണു. ഉടൻ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. മൃതദേഹം നാഗ്പുർ മെഡിക്കൽ കോളജിലേക്കു മാറ്റി. ചികിത്സപ്പിഴവുണ്ടെന്നു കോച്ച് ജിതിൻ അടക്കമുള്ളവർ ആരോപിച്ചു.

ബുധനാഴ്‌ച രാത്രി പലതവണ ഛർദിച്ച കുട്ടിക്ക് ടീമിലുണ്ടായിരുന്ന നഴ്സുമാർ മരുന്ന് നൽകിയിരുന്നു. ഇന്നലെ രാവിലെ ഗ്രൗണ്ടിൽ പോകുന്നതിനു മുൻപാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. കുത്തിവയ്പെടുത്തപ്പോൾ അലർജിയുണ്ടായതാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം.

തിരുവനന്തപുരവും കൊച്ചിയും കേന്ദ്രീകരിച്ചുള്ള കേരളത്തിലെ രണ്ട് സൈക്കിൾ പോളോ അസോസിയേഷനുകളിൽ തിരുവനന്തപുരത്തെ പ്രതിനിധീകരിച്ചാണ് നിദ നാഗ്പുരിലെത്തിയത്. കോടതിവിധി നേടി നാഗ്പുരിൽ എത്തിയ ഈ അസോസിയേഷന് ദേശീയ ഫെഡറേഷന്റെ അംഗീകാരമില്ലാത്തതിനാൽ താമസവും ഭക്ഷണവും ഒരുക്കിയിരുന്നില്ല.

ഭാരതീയ മസ്ദൂർ സംഘിന്റെ (ബിഎംഎസ്) ഓഫിസിലാണ് ഇവർ തങ്ങിയത്. സംഘത്തിലെ 29 പേരും പുറത്തുനിന്നു വരുത്തിയ ഒരേ ഭക്ഷണമാണ് കഴിച്ചതെന്നും നിദ ഒഴികെ ആർക്കും ബുദ്ധിമുട്ട് ഉണ്ടായിട്ടില്ലെന്നും കോച്ച് പറഞ്ഞു. ചികിത്സപ്പിഴവു സംശയിക്കാനുള്ള കാരണവും ഇതുതന്നെ.

Nida Fathima cycle polo passed away

LEAVE A REPLY

Please enter your comment!
Please enter your name here