ഓരോ റണ്ണിനും 1000 രൂപ; അസ്ഹറുദ്ദീന് പാരിതോഷികവുമായി കെസിഎ; ആസ്വാദ്യകരമെന്ന് സെവാഗ്’; പ്രശംസിച്ച് ക്രിക്കറ്റ് ലോകം

സയിദ് മുഷ്താഖ് അലി ട്രോഫി ടൂര്‍ണമെന്റില്‍ മുംബൈക്കെതിരെ അതിവേഗ സെഞ്ച്വറി നേടിയ ഓപ്പണര്‍ മുഹമ്മദ് അസ്ഹറുദ്ദീന് പാരിതോഷികം പ്രഖ്യാപിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍. അസ്ഹറുദ്ദീന്‍ നേടിയ ഓരോ റണ്ണിനും 1000 രൂപ വീതം നല്‍കുമെന്നാണ് അറിയിപ്പ്. ഇതനുസരിച്ച് 1.37 ലക്ഷം രൂപ ( 1,37,000 രൂപ ) ക്യാഷ് അവാര്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്.

കരുത്തരായ മുംബൈക്കെതിരെ 20 പന്തില്‍നിന്ന് അര്‍ധസെഞ്ചുറി പിന്നിട്ട അസ്ഹറുദ്ദീന്‍, 37 പന്തിലാണ് സെഞ്ച്വറി തികച്ചത്. മല്‍സരത്തില്‍ ഓപ്പണറായിറങ്ങിയ മുഹമ്മദ് അസ്ഹറുദ്ദീന്‍ 54 പന്തില്‍ ഒന്‍പത് ഫോറും 11 സിക്‌സും സഹിതം 137 റണ്‍സുമായി പുറത്താകാതെ നിന്ന് ടീമിനെ വിജയത്തിലെത്തിച്ചു.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഒരു കേരള താരം സെഞ്ചുറി നേടുന്നതും ഇതാദ്യമായാണ്. സയ്യിദ് മുഷ്താഖ് അലി ട്രോഫി ടൂര്‍ണമെന്റിലെ ഉയര്‍ന്ന രണ്ടാമത്തെ വ്യക്തിഗത സ്‌കോര്‍ കൂടിയാണ് അസ്ഹറുദ്ദീന്‍റേത്. ഈ സീസണില്‍ത്തന്നെ മണിപ്പൂരിനെതിരെ മേഘാലയയ്ക്കുവേണ്ടി പുറത്താകാതെ 149 റണ്‍സടിച്ച പുനീത് ബിഷ്തിന്റെ പേരിലാണ് റെക്കോര്‍ഡ്.

37 പന്തില്‍നിന്ന് സെഞ്ച്വറി നേടിയ അസ്ഹറുദ്ദീന്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ മൂന്നാമത്തെ ട്വന്റി20 സെഞ്ചുറി എന്ന നേട്ടത്തിനൊപ്പമെത്തി. 2018ല്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഹിമാചല്‍ പ്രദേശിനെതിരെ 32 പന്തില്‍ സെഞ്ചുറി നേടിയ ഋഷഭ് പന്തിന്റെ പേരിലാണ് വേഗമേറിയ സെഞ്ച്വറിയുടെ ഇന്ത്യന്‍ റെക്കോര്‍ഡ്. 35 പന്തില്‍ സെഞ്ച്വറി തികച്ച രോഹിത് ശര്‍മയാണ് രണ്ടാം സ്ഥാനത്ത്. 37 പന്തില്‍ സെഞ്ച്വറി തികച്ച യൂസഫ് പഠാനൊപ്പമാണ് അസ്ഹറുദ്ദീന്‍ റെക്കോര്‍ഡ് പങ്കിടുന്നത്

54 പന്തുകളില്‍ നിന്നും 137 റണ്‍സ് അടിച്ചുകൂട്ടി മുംബൈക്കെതിരെ കേരളത്തെ വിജയത്തിലേക്ക് നയിച്ച മുഹമ്മദ് അസ്ഹറുദ്ദീന് ആശംസകളുമായി ക്രിക്കറ്റ് ലോകം. ഹര്‍ഷ ബോഗ്ലെ, വിരേന്ദര്‍ സെവാഗ് തുടങ്ങി നിരവധി ക്രിക്കറ്റ് പ്രമുഖരാണ് അസ്ഹറിന് അനുമോദനങ്ങളുമായി രംഗത്തെത്തിയത്.

ദുഷ്കരമെന്ന് തോന്നിച്ച 197 എന്ന ടോട്ടലിനെതിരെ കേരളത്തിന് അത്ഭുതജയമൊരുക്കിയത് അസ്ഹറിന്റെ ഏകപക്ഷീയമായ ആക്രമണമാണ്. 20 പന്തിൽ അർധ സെഞ്ച്വറിയിലെത്തിയ താരം അവിടെ നിന്ന് നൂറിലെത്താൻ 17 പന്തേ എടുത്തുള്ളൂ. ഒമ്പത് ബൌണ്ടറിയും പതിനൊന്ന് സിക്സറുമടക്കമാണ് താരം സെഞ്ച്വറി പിന്നിട്ടത്. മറുവശത്ത് ഉത്തപ്പയും (33) സഞ്ജു സാംസണും മികച്ച പിന്തുണ നല്‍കി. 14-ാം ഓവറിലെ അഞ്ചാം പന്ത് സിക്സറിലെത്തിച്ച് അസ്ഹർ ടീമിനെ വിജയത്തിലെത്തിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here