കൊച്ചി: ഫുട്ബോള്‍ ഇതിഹാസം ഡിയെഗോ മറഡോണയ്ക്ക് ലോകോത്തര മ്യൂസിയം നിര്‍മ്മിക്കുമെന്ന് ബോബി ചെമ്മണൂര്‍ പ്രഖ്യാപിച്ചു. 1986 ലെ ഫിഫ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ മറഡോണ നേടിയ ‘ദൈവത്തിന്‍റെ കൈ’ ഗോളിന്റെ മാതൃകയില്‍ മറഡോണയുടെ സ്വര്‍ണത്തില്‍ തീര്‍ത്ത പൂര്‍ണമായ ശില്‍പമായിരിക്കും മ്യൂസിയത്തിന്‍റെ മുഖ്യാകര്‍ഷണം.കൊല്‍ക്കത്തയിലോ കേരളത്തിലോ ആണ് മ്യൂസിയം നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. പ്രതിമയോടൊപ്പം മറഡോണയുടെ ജീവിതത്തിന്റെ വിവിധ തലങ്ങള്‍ ലോകത്തിന്റെ ഏതൊരു ഭാഗത്ത് നിന്ന് ആരെത്തിയാലും പൂര്‍ണമായും മനസിലാക്കാന്‍ സാധിക്കുന്ന തരത്തിലൊരു മ്യൂസിയമാണ് ഒരുങ്ങുന്നത്.

1986 ല്‍ അര്‍ജന്‍റീനയെ കിരീടത്തിലെത്തിച്ച ക്യാപ്റ്റനായ മറഡോണയുടെ വ്യക്തി ജീവിതവും ഫുട്ബോള്‍ ജീവിതവും ഇതിവൃത്തമായിരിക്കുന്ന മ്യൂസിയത്തില്‍ അത്യാധുനിക കലാ-സാങ്കേതികവിദ്യയായിരിക്കും ഉപയോഗപ്പെടുത്തുന്നതെന്ന് ബോബി ചെമ്മണ്ണൂര്‍ ഇന്‍റര്‍നാഷണല്‍ ഗ്രൂപ്പിന്‍റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ബോബി ചെമ്മണ്ണൂര്‍ വ്യക്തമാക്കി. മറഡോണയോടുള്ള തന്‍റെ ആദരവിന്‍റെ പ്രതീകമായിരിക്കും നിരവധി ഏക്കറുകള്‍ വലുപ്പമുണ്ടാകുന്ന മ്യൂസിയമെന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്ബ് കണ്ണൂരിലെ ചെമ്മണ്ണൂര്‍ ജ്വല്ലറി ഉദ്ഘാടനത്തിന് മറഡോണയെ കേരളത്തിലെത്തിച്ചത് ബോബി ചെമ്മണ്ണൂരായിരുന്നു. മാര്‍ച്ച്‌ 2018 മുതലാണ് ഡിയെഗോ മറഡോണ ചെമ്മണ്ണൂര്‍ ജ്വല്ലറിയുടെ ബ്രാന്‍ഡ് അമ്ബാസഡറാകുന്നത്. ബോബി ആന്‍ഡ് മറഡോണ ചെമ്മണ്ണൂര്‍ ബ്രാന്‍ഡ് ഏറെ പ്രശസ്തമാകുകയും ചെയ്തു.

മറഡോണയുമായുള്ള ഉറ്റസൗഹൃദം കഴിഞ്ഞ ഒരു ദശകത്തിലധികമായി തന്‍റെ ജീവിതത്തിന്‍റെ ഭാഗമായിരുന്നുവെന്ന് ബോബി ചെമ്മണ്ണൂര്‍ ഓര്‍മ്മിച്ചു. ദുബായിലെ ചെമ്മണ്ണൂര്‍ ജ്വല്ലറി 2011 ല്‍ ഉദ്ഘാടനം ചെയ്തത് മറഡോണയായിരുന്നു. മറഡോണയ്ക്ക് സ്വര്‍ണത്തില്‍ തീര്‍ത്ത ചെറുശില്‍പം ബോബി ചെമ്മണ്ണൂര്‍ സമ്മാനമായി നല്‍കിയിരുന്നു. ഇംഗ്ലണ്ടിനെതിരെ നിര്‍ണായക ഗോള്‍ നേടിയ ‘ദൈവത്തിന്‍റെ കൈ’യുടെ സ്വര്‍ണത്തിലുള്ള പൂര്‍ണകായ ശില്‍പം ഉണ്ടാക്കണമെന്ന ആഗ്രഹം അന്ന് മറഡോണ പ്രകടിപ്പിച്ചിരുന്നു. ഈ ആഗ്രഹം സഫലീകരിക്കാന്‍ സാധിക്കുന്നതില്‍ ഏറെ സന്തോഷവാനാണെന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.

മറഡോണയ്ക്കുള്ള തന്‍റെ ശ്രദ്ധാഞ്ജലിയായിരിക്കും അന്താരാഷ്ട്ര നിലവാരത്തിലുള്ള വിനോദ-വിജ്ഞാനോപാധികള്‍ അടങ്ങുന്ന മ്യൂസിയമെന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. മറഡോണയെയും അദ്ദേഹത്തിന്‍റെ ഫുട്ബോള്‍ ജീവിതത്തെക്കുറിച്ചുമുള്ള സമസ്ത വിവരങ്ങളും ഇവിടെ ഒരുക്കും. ലോകപ്രശസ്തമായ കൊച്ചി ബിനാലെ ഫൗണ്ടേഷന്‍റെ സ്ഥാപക ട്രസ്റ്റിയും പ്രശസ്ത കലാകാരനും എഴുത്തുകാരനുമായ ബോണി തോമസാണ് മ്യൂസിയത്തിന്‍റെ ക്യൂറേറ്റര്‍.

LEAVE A REPLY

Please enter your comment!
Please enter your name here