ബ്യൂണസ് ഐറിസ്: ഫുട്ബോളെന്നാല്‍ അര്‍ജന്റീന ഇതിഹാസം ഡീഗോ മാറഡോണയ്ക്ക് ജീവശ്വാസമായിരുന്നു. അര്ജന്റീനക്കാര്ക്കാകട്ടെ മാറഡോണ ദൈവവും. നവംബര്‍ 25-ന് ആ ഇതിഹാസം എന്നന്നേക്കുമായി വിടപറഞ്ഞപ്പോള്‍ അര്‍ജന്റീന ഒന്നാകെ തേങ്ങി. മാറഡോണ എന്ന താരം അര്‍ജന്റീനക്കാര്‍ക്ക് എത്രത്തോളം പ്രിയപ്പെട്ടവനായ. എന്നതിന് കാസ റൊസാഡ കൊട്ടാരത്തില്‍ പൊതുദര്‍ശനത്തിനുവെച്ച അദ്ദേഹത്തിന്റെ മൃതദേഹം കാണാനെത്തിയ ജനസാഗരം തന്നെയാണ് തെളിവ്. ഡീഗോ മാറഡോണയ്ക്ക് ഒരു കടുത്ത ആരാധകനുണ്ട് ബ്യൂണസ് ഐറിസില്‍. പേര് വാള്‍ട്ടര്‍ റോട്ടുണ്‍ഡോ. ഇദ്ദേഹത്തിന്റെ വീട്ടില്‍ ഫുട്ബോള്‍ ഇതിഹാസത്തിന്റെ പേര് മുഴങ്ങിക്കേള്‍ക്കാത്ത ദിവസം മുണ്ടാകില്ല. കാരണം റോട്ടുണ്‍ഡോ തന്റെ ഒമ്പത് വയസുള്ള ഇരട്ട പെണ്‍കുട്ടികള്‍ക്ക് പേരിട്ടിരിക്കുന്നത് മാറയെന്നും ഡോണയെന്നുമാണ്. ഫുട്ബോള്‍ ഇതിഹാസത്തിന് ഒരു ജീവിക്കുന്ന ആദരം.
അന്താരാഷ്ട്രഫുട്ബോളില്‍ അര്‍ജന്റീനക്ക് വേണ്ടി 91 കളികള്‍ കളിച്ച മറഡോണ 34 ഗോളുകള്‍ നേടി. 1982 മുതല്‍ 1994 വരെയുള്ള നാല് ലോകകപ്പുകളില്‍ അര്‍ജന്റീനക്കു വേണ്ടി മറഡോണ കളിച്ചിട്ടുണ്ട്. 1986-ലെ ലോകകപ്പാണ് ഏറ്റവും അവിസ്മരണീയമായത്. മറഡോണയുടെ നായകത്വത്തില്‍ കളിച്ച അര്‍ജന്റീന ടീം ഫൈനലില്‍ പശ്ചിമജര്‍മ്മനിയെ പരാജയപ്പെടുത്തി ലോകകപ്പ് നേടുകയും മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ മറഡോണ സ്വന്തമാക്കുകയും ചെയ്തു.
ഈ ടൂര്‍ണമെന്റിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെയുള്ള കളിയില്‍ മറഡോണ നേടിയ രണ്ടു ഗോളുകള്‍ ചരിത്രത്തിലിടംപിടിച്ചു. റഫറിയുടെ ശ്രദ്ധയില്‍പ്പെടാതെ കൈ കൊണ്ട് തട്ടിയിട്ട് നേടിയ ആദ്യത്തെ ഗോള്‍ ദൈവത്തിന്റെ കൈ എന്ന പേരിലും, ആറ് ഇംഗ്ലണ്ട് കളിക്കാരെ വെട്ടിച്ച് 60 മീറ്റര്‍ ഓടി നേടിയ രണ്ടാം ഗോള്‍ നൂറ്റാണ്ടിന്റെ ഗോള്‍ ആയും വിശേഷിപ്പിക്കപ്പെടുന്നു.