ക്ലബ്ബ് കരിയറില്‍ ഗോളുകള്‍ നേടിയവരുടെ പട്ടികയില്‍ ഏറ്റവും മുന്നിലുള്ളത് ക്രിസ്ത്യാനോയാണ്. 709 ഗോളുകളാണ് അടിച്ചു കൂട്ടിയിട്ടുള്ളത്. ലിയോണേല്‍ മെസ്സിയും ഗോളുടെ എണ്ണം 700 റിലേക്ക്് ഉയര്‍ത്തിയെന്ന വാര്‍ത്ത ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്.
ഫ്രഞ്ച് ലീഗ് വണ്ണില്‍ മാഴ്സെയിക്കെതിരേ തിങ്കളാഴ്ച നടന്ന മത്സരത്തില്‍ 29 ാം മിനിറ്റില്‍ കിലിയന്‍ എംബാപ്പേ നല്‍കിയ ഉജ്വല ക്രോസ് വലയിലേക്ക് തട്ടിയിട്ടാണ് ലിയോണേല്‍ മെസ്സി 700 ഗോള്‍ ക്ലബില്‍ അംഗത്വം നേടിയത്. ലീഗ് വണ്ണിലെ മത്സരത്തില്‍ പി.എസ്.ജിയ്ക്ക് വേണ്ടിയാണ് മെസ്സി സ്‌കോര്‍ ചെയ്തത്.
ഈ വര്‍ഷം ആദ്യം തന്നെ റൊണാള്‍ഡോ ഈ നേട്ടം സ്വന്തമാക്കിയിരുന്നു. ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയിട്ടുള്ള ക്രിസ്ത്യാനോ റൊണാള്‍ഡോയ്ക്ക് ഒപ്പമെത്താന്‍ മെസ്സിയ്ക്ക് ഇനിയും ഓടേണ്ടി വരും. ഫുട്ബോളിലെ 19 വര്‍ഷം നീണ്ട കരിയറില്‍ 15 വര്‍ഷവും ബാഴ്സിലോണയില്‍ കളിച്ച മെസ്സി അവര്‍ക്കായി 778 മത്സരങ്ങളില്‍ നിന്നാണ് 672 ഗോളുകള്‍ നേടിയത്. ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി എവര്‍ട്ടനെതിരേ സ്‌കോര്‍ ചെയ്തുകൊണ്ടായിരുന്ന ക്രിസ്ത്യാനോ റൊണാള്‍ഡോ നേട്ടമുണ്ടാക്കിയത്. അതേസമയം റൊണാള്‍ഡോയുടെ ഈ നേട്ടം 840 മത്സരങ്ങളില്‍ നിന്നാണ്.
2021 ആഗസ്റ്റില്‍ ഫ്രഞ്ച് ലീഗ് വണ്ണിലെത്തിയ താരം ഈ സീസണില്‍ പി.എസ്.ജി.യ്ക്കായി മികച്ച പ്രകടനമാണ് പുറത്തെടുത്തിരിക്കുന്നത്. 28 ഗോളുകള്‍ മെസ്സി നേടി. ഇതുവരെ പി.എസ്.ജി.യ്ക്കായി 62 കളികള്‍ പൂര്‍ത്തിയാക്കിയ മെസ്സിയുടെ ഫ്രഞ്ച് ക്ലബ്ബുമായുള്ള കരാര്‍ ഈ ജൂണിലാണ് അവസാനിക്കുക.