മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ റെക്കോര്‍ഡ് നേട്ടവുമായി ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലി. രാജ്‌കോട്ട് ടെസ്റ്റില്‍ 24ാം ടെസ്റ്റ് സെഞ്ചുറി നേടിയകൊഹ്‌ലി മറികടന്നത് സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡാണ്.
അതിവേഗം 24 സെഞ്ചുറികള്‍ നേടുന്ന രണ്ടാമത്തെ ക്രിക്കറ്റ് താരമായി കൊഹ്‌ലി മാറി. നേരത്തെ ഇത് സച്ചിന്റെ പേരിലായിരുന്നു. സച്ചിന്‍ 125 ഇന്നിംഗ്‌സുകളില്‍ നിന്നാണ് 24 സെഞ്ചുറി പൂര്‍ത്തിയാക്കിയത്. എന്നാല്‍ കൊഹ്‌ലി 123 ഇന്നിംഗ്‌സുകളില്‍ നിന്നാണ് 24 സെഞ്ചുറി നേടിയത്.

പട്ടികയില്‍ ഒന്നാമന്‍ ഡോണ്‍ ബ്രാഡ്മാനാണ്. വെറും 66 ഇന്നിംഗ്‌സുകളില്‍ നിന്നാണ് ബ്രാഡ്മാന്‍ ഈ നേട്ടം കൈവരിച്ചത്. സെഞ്ചുറിയോടെ ഈ കലണ്ടര്‍ വര്‍ഷത്തില്‍ ടെസ്റ്റില്‍ 1000 റണ്‍സ് പിന്നിടുന്ന ആദ്യ താരമായി കൊഹ്‌ലി മാറി. വിന്‍ഡീസിനെതിരെ 139 റണ്‍സിന് പുറത്തായ കൊഹ്‌ലിക്ക് ഈ വര്‍ഷം ഇതുവരെ 1018 റണ്‍സായി.

വെസ്റ്റ് ഇന്‍ഡീസിനെതിരെ കൊഹ്‌ലി നേടുന്ന രണ്ടാം സെഞ്ചുറിയാണിത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ ക്യാപ്റ്റന്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന താരമെന്ന നേട്ടത്തിന് കൊഹ്‌ലി മുന്‍ ഇന്ത്യന്‍ താരം ദിലീപ് വെങ്ക്‌സര്‍ക്കാരിന് ഒപ്പമെത്തി. ഈ പട്ടികയില്‍ ഒന്നാം സ്ഥാനം സുനില്‍ ഗവാസ്‌കറിനാണ്. ഗവാസ്‌കര്‍ നാലു സെഞ്ചുറികള്‍ പൂര്‍ത്തിയാക്കിയാണ് റെക്കോര്‍ഡിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here