മഞ്ചേരി | ഷൂട്ടൗട്ടില്‍ ബംഗാളിനെ വീഴ്ത്തി ഏഴാം തവണ സന്തോഷ് ട്രോഫി കിരീടം കേരളം ഉയര്‍ത്തി. പയ്യനാടിനെ ആവേശക്കടലാക്കിക്കൊണ്ടാണ് സ്വന്തം മണ്ണില്‍ 1993നുശേഷം ആദ്യമായി കേരളം വിജയം നേടിയത്.
ഒരുഘട്ടത്തില്‍ പരാജയം അടക്കം മണത്തുകൊണ്ട്, എല്ലാ അവസ്ഥയിലൂടെയും കടന്നുപോയിട്ടാണ് കേരളം വിജയം നേടിയത്. കളിയുടെ രണ്ടു പകുതികളും ഗോള്‍ രഹിതമായിരുന്നു. എക്ട്രാടൈമില് (97ാം മിനിട്ടില്‍) ബാംഗാളാണ് ആദ്യ ഗോള്‍ നേടിയത്. സുപ്രിയ പണ്ഡിറ്റ് നല്കിയ ക്രോസ് ദിലീപ് ഹെഡ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു. പിന്നാലെ 116-ാം മിനിട്ടില്‍ കേരളത്തിന്റെ മുഹമ്മദ് സഫ്നാദ് ഗോള്‍ മടക്കി. അതുവരെ നിശബ്ദമായിരുന്ന പയ്യനാട് സ്റ്റേഡിയം ആദ്യമായി ഇളകി മറിഞ്ഞു.
എക്ട്രാ ടൈമിലും ഇരുവരും തുല്ല്യശക്തികളായി തുടര്‍ന്നതോടെ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കു കടന്നു. രണ്ടാമത്തെ അവസരം ബംഗാള്‍ പാഴാക്കിയതോടെ മലയാളികള്‍ക്കു പ്രതീക്ഷ. ഒടുവില്‍ നാലിനെതിരെ അഞ്ചു ഗോളുകള്‍ നേടി കേരളം 2018നുശേഷം ഒരിക്കല്‍ കൂടി കപ്പില്‍ മുത്തമിട്ടു. ക്യാപ്റ്റന്‍ മണിക്കും, വി.പി സത്യനും കുരികേശ് മാത്യുവിനും വി. ശിവകുമാറിനും സില്‍വസ്റ്റര്‍ ഇഗ്നേഷ്യസിനും രാഹുല്‍ വി. രാജിനും ശേഷം കേരളത്തിനായി സന്തോഷ് ട്രോഫി കിരീടം ഏറ്റുവാങ്ങുന്ന ക്യാപ്റ്റനായി ജിജോ ജോസഫ് മാറി.