അവസാന ഓവർവരെ സസ്പെൻസ് ത്രില്ലർ… കൊടുങ്കാറ്റായി കോലി, പാകിസ്താനെ തകർത്ത് ഇന്ത്യ

മെല്‍ബൺ | 160 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് കാര്യങ്ങൾ ഒട്ടും എളുപ്പമായിരുന്നില്ല… അവസാന പന്തുവരെ ഉദ്യോഗം നിറഞ്ഞു നിന്ന 2022 ടി20 ലോകകപ്പ് സൂപ്പർ 12 മത്സരത്തിൽ വിജയം ഇന്ത്യയ്ക്കു സ്വന്തം.

ഒറ്റയ്ക്ക് നിന്നു പൊരുതി 82 റൺസ് അടിച്ചു കൂട്ടി വിരാട് കോലിയാണ് ഇന്ത്യയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. പാകിസ്താന്‍ ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ ആറുവിക്കറ്റ്‌ നഷ്ടത്തില്‍ മറികടന്നു. ഓപ്പണര്‍മാരായ രോഹിത് ശര്‍മയും കെ.എല്‍.രാഹുലും അതിവേഗത്തില്‍ പുറത്തായതോടെ ഇന്ത്യ പരുങ്ങലിലായി. ഒരു ഘട്ടത്തിൽ നാലിനു 31 എന്നതായിരുന്നു നില. പതിനൊന്നാം ഓവറിലാണ് ഇന്ത്യ 50 കടന്നത്.

മുഹമ്മദ് നവാസ് എറിഞ്ഞ 12-ാം ഓവറില്‍ ഹാര്‍ദിക്കും കോലിയും ചേര്‍ന്ന് 20 റണ്‍സ് അടിച്ചെടുത്തു. പിന്നാലെ കോലിയും ഹാര്‍ദിക്കും അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 15ാം ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 100 കടത്തി. പതിനേഴാം ഓവർ അവസാനിച്ചപ്പോൾ ഇന്ത്യയുടെ വിജയലക്ഷ്യം 48 റൺസ് എന്നായി. 18 ാം ഓവറിൽ 17 റൺസ് നേടിയ കൂട്ടുകെട്ട് വീണ്ടും പ്രതീക്ഷ നൽകി. റൗഫിന്റെ അടുത്ത ഓവറില്‍ 15 റണ്‍സ് ഒഴുകിയെത്തി. ഇതോടെ അവസാന ഓവറിലെ വിജയലക്ഷ്യം 16 റണ്‍സ്. നവാസിന്റെ ആദ്യ പന്തിൽ ഹാർദിക് പുറത്തായി. ഒടുവിൽ മൂന്ന് പന്തിൽ വിജയലക്ഷ്യം ആറു റൺസ്.

കാര്‍ത്തിക്കിനെ റിസ്വാന്‍ സ്റ്റംപ് ചെയ്തു പുറത്താക്കുമ്പോൾ ഇന്ത്യയുടെ വിജയ ലക്ഷ്യം ഒരു പന്തിൽ രണ്ട് റൺസ്. അടുത്ത പന്തില്‍ വൈഡ് പിറന്നതോടെ സ്‌കോര്‍ സമമായി. അവസാന പന്തില്‍ ഫോറടിച്ച് അശ്വിന്‍ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചു. 53 പന്തുകളില്‍ നിന്ന് ആറ് ഫോറിന്റെയും നാല് സിക്‌സിന്റെയും സഹായത്തോടെ കോലി പുറത്താവാതെ 82 റണ്‍സെടുത്തു.


India wins Pakistan in ICC T20 World Cup 2022

LEAVE A REPLY

Please enter your comment!
Please enter your name here