റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി കോഹ്‌ലി, ഇന്ത്യയ്ക്ക് 321 റണ്‍സ്

0

വിന്‍ഡീസിനെതിരെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ശതകം നേടിയ വിരാട് കോഹ്‌ലിയുടെ ബലത്തില്‍ 321 റണ്‍സ് നേടി ഇന്ത്യ. ടോസ് നേടി ചേസിംഗിനു പിന്തുണയ്ക്കുന്ന വരണ്ട പിച്ചില്‍ കോഹ്‌ലി ബാറ്റിംഗ് തിരഞ്ഞെടുത്തുവെങ്കിലും തുടക്കം ഇന്ത്യയ്ക്ക് മോശമായിരുന്നു. ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും(4) ശിഖര്‍ ധവാനും(29) വേഗത്തില്‍ പുറത്തായെങ്കിലും വിരാട് കോഹ്‌ലിയും അമ്പാട്ടി റായിഡുവും ചേര്‍ന്ന് ഇന്ത്യയെ വീണ്ടും ട്രാക്കിലാക്കുകയായിരുന്നു.
ഒട്ടനവധി റെക്കോര്‍ഡുകളാണ് ഇന്നത്തെ ഇന്നിംഗ്‌സില്‍ കോഹ്‌ലി സ്വന്തമാക്കിയത്. പതിനായിരം റണ്‍സ് തികയ്ക്കുന്ന വേഗതയേറിയ താരം, ഇന്ത്യയില്‍ നാലായിരം റണ്‍സ് തികയ്ക്കുക, ഒരേ വേദിയില്‍ തുടരെ അഞ്ച് ശതകം എന്നിങ്ങനെ ഒട്ടേറെ നേട്ടമാണ് കോഹ്‌ലി ഇന്ന് സ്വന്തമാക്കിയത്. ഇതിനു പുറമെ വേറെയും റെക്കോര്‍ഡുകള്‍ ഇന്ന് കോഹ്‌ലി സ്വന്തമാക്കിയിരുന്നു.
മൂന്നാം വിക്കറ്റില്‍ 139 റണ്‍സ് നേടിയ ശേഷം അമ്പാട്ടി റായിഡു പുറത്തായെങ്കിലും കോഹ്‌ലി തന്റെ ശതകം പൂര്‍ത്തിയാക്കി ഇന്ത്യയെ മുന്നോട്ട് നയിച്ചു.
എംഎസ് ധോണിയും(20), ഋഷഭ് പന്തും(17) അധിക നേരം ക്രീസില്‍ നില്‍ക്കാനാകാതെ മടങ്ങുകയായിരുന്നു. അവസാന ഓവറുകളില്‍ കോഹ്‌ലി അടിച്ച് തകര്‍ത്തപ്പോള്‍ ഇന്ത്യ 300 കടക്കുകയായിരുന്നു. 13 ബൗണ്ടറിയും 4 സിക്‌സും അടക്കം 129 പന്തില്‍ നിന്ന് 157 റണ്‍സാണ് വിരാട് കോഹ്‌ലി നേടിയത്. ജഡേജ 13 റണ്‍സ് നേടി പുറത്തായി. 6 വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് ഇന്ന് നഷ്ടമായത്. വിന്‍ഡീസിനായി ആഷ്‌ലി നഴ്‌സ്, ഒബൈദ് മക്കോയ് എന്നിവര്‍ 2 വിക്കറ്റും കെമര്‍ റോച്ച്, മര്‍ലന്‍ സാമുവല്‍സ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

LEAVE A REPLY

Please enter your comment!
Please enter your name here