കപ്പ് ഉയര്‍ത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന ടീമായിരുന്നു ഇന്ത്യയുടേത്. എന്നാല്‍, ടീം സെലക്ഷന്‍ മുതലേ ഉയര്‍ന്ന കല്ലുകടികള്‍ സെമി ഫൈനലിലെ തോല്‍വിയോടെ വിമര്‍ശനത്തിന്റെ രൂപത്തിലേക്ക് മാറിയിരിക്കുകയാണ്.

ആദ്യ മാച്ചുകളിലെ ഒത്തിണക്കം, ടീമില്‍ മാറ്റങ്ങളുണ്ടായതു മുതല്‍ കളിയില്‍ കണ്ടില്ല. സെലക്ടര്‍മാര്‍ ടീമിലേക്ക് തെരഞ്ഞെടുത്തവരുടെ കഴിവുകളെക്കാള്‍ കഴിവുകേടുകളും പ്ലാനിംഗ് പിഴവുകളും മുഴച്ചു നില്‍ക്കുകയും ചെയ്തു. ഇതോടെയാണ് ടീമംഗങ്ങള്‍ക്കിടയില്‍ ഇതുവരെയും പ്രത്യക്ഷ രൂപത്തിലെത്തിയിട്ടില്ലാത്ത ഗ്രൂപ്പിസം ചര്‍ച്ചയാകുന്നത്. ടീമില്‍ കോലിയുടെ ആള്‍ക്കാര്‍ എന്നൊരു പക്ഷമുണ്ടെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. വൈസ് ക്യാപ്ടന്‍ രോഹിത് ശര്‍മയെ പിന്തുണയ്ക്കുന്നവരും കോച്ചിനോട് താല്‍പര്യമില്ലാത്തവരും ടീമിലുണ്ടത്രേ.

ടീമിന്റെ മുന്‍-മദ്ധ്യ ബാറ്റിംഗ് നിര പൂര്‍ണ്ണമായും തന്നെ പരാജയപ്പെട്ടതോടെ ടീമിന്റെ പ്രകടനം വിലയിരുത്തപ്പെടുകയും ചെയ്യുന്നു. ബാറ്റിംഗ് ഓഡറില്‍ ധോനി ഇറങ്ങാന്‍ വൈകിയതടക്കം ചൂ്ണ്ടിക്കാട്ടി മുന്‍കാല താരങ്ങള്‍ രംഗത്തെത്തി. സുപ്രീം കോടതി നിയോഗിച്ച വിനോദ് റായ് അധ്യക്ഷനായ സമിതി ടീമിന്റെ മോശം പ്രകടനവും പരാജയവും വിലയിരുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ കുടുംബത്തോടൊപ്പം ഉല്ലാസയാത്ര നടത്തുന്ന ടീമംഗങ്ങള്‍ മടങ്ങിയെത്തിയശേഷമാകും ഇതുസംബന്ധിച്ച നടപടികള്‍.

പരിശീലകന്‍ രവി ശാസ്ത്രി, ടീം ക്യാപ്ടന്‍ വിരാട് കോലി, ചീഫ് സെലക്ടര്‍ എം.എസ്.കെ പ്രസാദ് എന്നിവര്‍ക്ക് നിരവധി കാര്യങ്ങളില്‍ വിശദീകരണം നല്‍കേണ്ടി വരും. റിസര്‍വ് താരമായ അമ്പാട്ടി നായുഡുവിനെ ടീമിലേക്കു പരിഗണിക്കാതിരുന്നതും മൂന്നു വിക്കറ്റ് കീപ്പര്‍മാര്‍ ഒരേ സമയം കളിച്ചതുമെല്ലാം ചര്‍ച്ചയാകും.

LEAVE A REPLY

Please enter your comment!
Please enter your name here