മഡ്ഗാവ്: പാഴാക്കിയ മൂന്നു ഷൂട്ടൗട്ടുകള്‍ മൂന്നാമത്തെ ഫൈനലിലും ബ്ലാസ്റ്റേഴ്സിനു നിരാശ സമ്മാനിച്ചു. നിശ്ചിത സമയത്തു 1 -1 സമനിലയില്‍ അവസാനിച്ച മത്സരത്തിന്റെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബ്ലാസ്റ്റേഴ്സിനെ 3-1 നു കീഴടക്കിയാണ് ഹൈദരാബാദ് എഫ്.സിയുടെ കന്നി കിരീടനേട്ടം.
68-ാം മിനിട്ടില്‍ മലയാളി താരം കെ.പി. രാഹുലിലൂടെയാണ് ബ്ലാസ്റ്റേഴ്സ് ലീഡ് നേടിയത്. മത്സരം അവസാനിക്കാന്‍ രണ്ടു മിനിട്ടു മാത്രം ശേഷിക്കേ, പ്രതിരോധ നിരയുടെ പിഴവ് മുതലെടുത്ത സാഹില്‍ തവോറ ഗോള്‍ മടക്കി. എക്ട്രാ ടൈമില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കേരള ബ്ലാസ്റ്റേഴ്സ് പതറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
ആദ്യ കിക്കെടുത്ത മാര്‍ക്കോ ലെസ്കോവിച്ചിനോ രണ്ടാമതെത്തിയ നിഷു കുമാറിനോ നാലാമത്തെ കിക്കെടുത്ത ജീ്ക്സന് സിംഗിനോ ലക്ഷ്യം കാണാനായില്ല. ആയുഷ് അധികാരിക്കു മാത്രമാണ് ഗോള്‍ നേടാനായത്. കിക്കുകള്‍ എടുക്കാന്‍ വിദേശതാരങ്ങള്‍ കളിക്കളത്തില്‍ അവശേഷിക്കാതിരിക്കുന്നതും ബ്ലാസ്റ്റേഴ്സിനു തിരിച്ചടിയായി.