അരങ്ങേറ്റത്തിൽ ചരിത്രമെഴുതി ക്രുണാൽ പാണ്ഡ്യ; വികാരാധീനനായി ഹാർദിക് പാണ്ഡ്യ; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 66 റൺസ് ജയം

അരങ്ങേറ്റത്തിൽ ചരിത്രമെഴുതി ഇന്ത്യൻ ഓൾഔണ്ടർ ക്രുണാൽ പാണ്ഡ്യ. ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യഏകദിനത്തിലെ അതിവേഗ അർധസെഞ്ച്വറി ഇനി ക്രുണാലിന്റെ പേരിൽ. 26 പന്തുകളില്‍ നിന്നാണ് താരം അര്‍ധസെഞ്ച്വറി കുറിച്ചത്. ഇന്നിംഗ്സിന് ശേഷം ഏറെ വികാരനിർഭരമായ രംഗങ്ങൾക്കാണ് ക്രിക്കറ്റ് ആരാധകർ സാക്ഷിയായത്.

1990-ല്‍ ന്യൂസിലന്റിന്റെ ജോണ്‍ മോറിസ് നേടിയ റെക്കോർഡാണ് മുപ്പത് വർഷങ്ങൾക്കിപ്പുറം മുപ്പതാം വയസ്സിൽ ക്രുണാൽ തകർത്തത്. 66 റൺസിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. 318 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 47 പന്തുകൾ ബാക്കിനിൽക്കെ 251 റൺസിന് ഓൾഔട്ടായി.ജോണി ബെയർസ്റ്റോ 94ഉം ജേസൺ റോയ് 46 ഉം റൺസെടുത്ത് മികച്ച തുടക്കം നൽകിയെങ്കിലും മധ്യനിര തകർന്നതോടെ ഇംഗ്ലണ്ടിന് പിടിച്ചുനിൽക്കാനായില്ല. ക്രുണാൽ പാണ്ഡ്യയ്ക്ക് പുറമേ അരങ്ങേറ്റ മത്സരത്തിന് ഇറങ്ങിയ പ്രസിദ്ധ് കൃഷ്ണയും ഗംഭീരമാക്കി. 4 വിക്കറ്റുകളാണ് പ്രസിദ്ധ് വീഴ്ത്തിയത്. ഷാർദുൽ താക്കൂർ മൂന്ന് വിക്കറ്റും നേടി. ക്രുണാൽ പാണ്ഡ്യ ഒരു വിക്കറ്റും സ്വന്തമാക്കി.
98 റൺസെടുത്ത ശിഖർധവാന്റെയും അർധസെഞ്ച്വറി നേടിയ വിരാട് കോലി, കെ എൽ രാഹുൽ എന്നിവരുടെ മികച്ച ഇന്നിംഗ്സുകളാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്.

ക്രുണാൽ പാണ്ഡ്യയുടെ മുപ്പതാം പിറന്നാളാണ് ഇന്ന്. അന്തരിച്ച പിതാവ് സഹോദരന് പിറന്നാൾ സമ്മാനം നേരത്തേ അയച്ചതാണെന്നായിരുന്നു ക്രുണാൽ പാണ്ഡ്യയെ ചേർത്തു പിടിച്ചുള്ള ചിത്രം പങ്കുവെച്ച് ഹാർദിക് പാണ്ഡ്യ സോഷ്യൽമീഡിയയിൽ കുറിച്ചത്. കൃണാൽ ഇതിൽ കൂടുതൽ അർഹിക്കുന്നുണ്ടെന്നും ഹാർദിക് പാണ്ഡ്യ പറയുന്നു.

ഇളയസഹോദരൻ ഹാർദിക് പാണ്ഡ്യയിൽ നിന്നാണ് ക്രുണാൽ ഏകദിന ക്യാപ് സ്വീകരിച്ചത്. ഇതിനു ശേഷം ആകാശത്തേക്ക് നോക്കി ക്യാപ്പ് ഉയർത്തി പിതാവിന് സമർപ്പിക്കുന്ന ക്രുണാലിനെ കാണാം. ഇതിന്റെ ദൃശ്യങ്ങൾ ബിസിസിഐ പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിലാണ് പാണ്ഡ്യ സഹോദരന്മാരുടെ പിതാവ് ഹിമാൻഷു പാണ്ഡ്യ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെടുന്നത്.

2018ൽ ട്വന്റി20യിൽ അരങ്ങേറ്റംകുറിച്ച ക്രുണാൽ, 18 മത്സരങ്ങളിൽ ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്. വിജയ് ഹസാരെ ട്രോഫിയിലെ മികച്ച പ്രകടനത്തോടെയാണ് ക്രുണാലിനും പ്രസിദ്ധ് കൃഷ്ണയ്ക്കും ദേശീയ ടീമിലേക്ക് അവസരം ലഭിക്കുന്നത്.

ആവേശകരമായ ഒന്നാം ഏകദിനത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 66 റൺസ് ജയം. ഇന്ത്യ ഉയർത്തിയ 317 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന്റെ ഇന്നിങ്ങ്സ് 42.1 ഓവറിൽ 251 റൺസിന് അവസാനിച്ചു. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തികൊണ്ട് ഇന്ത്യൻ ബൗളർമാരാണ് മത്സരം കൈപ്പിടിയിലാക്കിയത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലായി. ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റക്കാരൻ പ്രസീദ് കൃഷ്ണ നാല് വിക്കറ്റുകളും ഷർദുൽ ഠാക്കൂർ മൂന്ന് വിക്കറ്റുകളും വീഴ്ത്തി. ഇന്ത്യക്ക് വേണ്ടി ഭുവനേശ്വർ കുമാറും ശ്രദ്ധേയ പ്രകടനം കാഴ്ച വെച്ചു. അരങ്ങേറ്റ മൽസരത്തിൽ ഏറ്റവും അധികം വിക്കറ്റുകൾ നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡ് പ്രസീദ് കൃഷ്ണയുടെ പേരിലായി.

LEAVE A REPLY

Please enter your comment!
Please enter your name here