കൊല്‍ക്കത്ത: നെഞ്ചുവേദനയെ തുടര്‍ന്നു ആഞ്ചിയോപ്ലാസ്റ്റിക്കു വിധേയനായ മുന്‍ ഇന്ത്യന്‍ നായകനും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ആശുപത്രി വിട്ടു. തനിക്കു ആശംസകള്‍ നേര്‍ന്നവര്‍ക്കും മികച്ച ചികില്‍സ ലഭ്യമാക്കിയ ഡോക്ടര്‍മാര്‍ക്കും ഗാംഗുലി നന്ദി അറിയിച്ചു.
‘ആദ്യമായി എല്ലാവരുടെയും ആശംസകള്‍ക്കു ഞാന്‍ നന്ദി പറയുകയാണ്. പ്രത്യേകിച്ചും വുഡ്ലാന്റ്സ് ആശുപത്രിയിലെ ഡോക്ടര്‍മാരോട് കടപ്പാടുണ്ട്. എന്നെ വളരെ നന്നായി പരിപാലിച്ച അവരെ നന്ദി അറിയിക്കുകയാണ്. ജീവന് രക്ഷിക്കാനാണ് നമ്മള് ആശുപത്രിയില്‍ പോകുന്നത്. അത് എന്റെ കാര്യത്തിലും ശരിയായി ഭവിച്ചു. ഞാന്‍ തികച്ചും ആരോഗ്യവാനാണ്’ ഗാംഗുലി പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ച രാവിലെയായിരുന്നു ജിമ്മില്‍ വ്യായാമം ചെയ്യവേ ഗാംഗുലിക്കു നെഞ്ചുവേദനയുണ്ടായത്. തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിദഗ്ധ പരിശോധനയില്‍ മൂന്നിടങ്ങളിലായി ബ്ലോക്കുള്ളതായി കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നു ആഞ്ചിയോപ്ലാസ്റ്റി ചെയ്യുകയുമായിരുന്നു.