ബ്യൂബസ് ഐറിസ്: ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ അര്‍മാന്‍ഡോ മാറഡോണ (60)) അന്തരിച്ചു. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് ഈ മാസം ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. വിശ്രമത്തിനിടെ, ഹൃദയാഘാതത്തെ തുടര്‍ന്നാണ് അവിചാരിത അന്ത്യം. വിഷാദ രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് സ്‌കാനിംഗില്‍ തലച്ചോറില്‍ രക്തം കട്ട പിടിച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.

അര്‍ജന്റീനയെ 1986-ലെ ലോകകപ്പ് കിരീടത്തിലേക്കു നയിച്ച ഫുട്‌ബോള്‍ ഇതിഹാസം. അര്‍ജന്റീനോസ് ജൂനിയേഴ്‌സ്, ബോക്ക ജൂനിയേഴ്‌സ്, ബാഴ്‌സലോണ, നാപ്പോളി, സെവിയ്യ, നെവെല്‍സ് ഓള്‍ഡ് ബോയ്‌സ് എന്നീ പ്രമുഖ ക്ലബുകള്‍ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. അന്താരാഷ്ട്രഫുട്‌ബോളില്‍ അര്‍ജന്റീനക്ക് വേണ്ടി 91 കളികള്‍ കളിച്ച മറഡോണ 34 ഗോളുകള്‍ നേടി. 1982 മുതല്‍ 1994 വരെയുള്ള നാല് ലോകകപ്പുകളില്‍ അര്‍ജന്റീനക്കു വേണ്ടി മറഡോണ കളിച്ചിട്ടുണ്ട്.  1986-ലെ ലോകകപ്പാണ് ഏറ്റവും അവിസ്മരണീയമായത്. മറഡോണയുടെ നായകത്വത്തില്‍ കളിച്ച അര്‍ജന്റീന ടീം ഫൈനലില്‍ പശ്ചിമജര്‍മ്മനിയെ പരാജയപ്പെടുത്തി  ലോകകപ്പ് നേടുകയും മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ മറഡോണ സ്വന്തമാക്കുകയും ചെയ്തു.

ഈ ടൂര്‍ണമെന്റിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെയുള്ള കളിയില്‍ മറഡോണ നേടിയ രണ്ടു ഗോളുകള്‍ ചരിത്രത്തിലിടംപിടിച്ചു. റഫറിയുടെ ശ്രദ്ധയില്‍പ്പെടാതെ കൈ കൊണ്ട് തട്ടിയിട്ട് നേടിയ ആദ്യത്തെ ഗോള്‍ ദൈവത്തിന്റെ കൈ എന്ന പേരിലും, ആറ് ഇംഗ്ലണ്ട് കളിക്കാരെ വെട്ടിച്ച്‌ 60 മീറ്റര്‍ ഓടി നേടിയ രണ്ടാം ഗോള്‍ നൂറ്റാണ്ടിന്റെ ഗോള്‍ ആയും വിശേഷിപ്പിക്കപ്പെടുന്നു. കളിയില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് അര്‍ജന്റീന ഇംഗ്ലണ്ടിന്റെ തോല്‍പ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here