ദോഹ | ബ്രസീലും പോര്‍ച്ചുഗലും ലോകകപ്പ് ഫുട്ബോളിന്റെ പ്രീക്വാര്‍ട്ടറിലേക്കു ജയിച്ചു കയറി. ലീഗ് മത്സരങ്ങള്‍ ആവേശക്കരമായ അന്ത്യത്തിലേക്കു നീങ്ങുമ്പോള്‍ പ്രീക്വാര്‍ട്ടറിലെ 16ന്റെ ചിത്രം വ്യക്തമായി തുടങ്ങി.
തിങ്കളാഴ്ച രാത്രി നടന്ന മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിന്റെ കടുത്ത വെല്ലുവിളി മറികടന്നാണ് (1-0) ബ്രസീല്‍ അവസാന പതിനാറിലെത്തുന്ന രണ്ടാം ടീമായത്. യുറഗ്വായന്‍ വെല്ലുവിളികള്‍ മറികടന്നതോടെ, എച്ച് ഗ്രൂപ്പില്‍ നിന്നു പോര്‍ച്ചുഗലും പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. കാസെമിറോ (83) ബ്രസീലിന്റെ വിജയഗോള്‍ നേടിയപ്പോള്‍ പോര്‍ച്ചുഗലിന്റെ ഗോളുകള്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ (54, 90+3) വകയായിരുന്നു. അവസാന ഗ്രൂപ്പ് മത്സരങ്ങള്‍ക്കുശേഷം മാത്രമേ പ്രീ ക്വാര്‍ട്ടറിലേക്കു കടക്കുന്ന എച്ച് ഗ്രൂപ്പിലെ രണ്ടാമനെ അറിയാനാകൂ.
ഗ്രൂപ്പ് ഡിയിലെ രണ്ടാം വിജയത്തോടെ ഫ്രാന്‍സ് നേരത്തെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്നു. മറ്റൊരു മത്സരത്തില്‍ ആഫ്രിക്കന്‍ കരുത്തരായ ഘാന ഏഷ്യന്‍ ടീമായ ദക്ഷിണകൊറിയയെ 3-2നു അട്ടിമറിച്ചു.