ബ്രസില്‍, അര്‍ജന്റിന എന്നിങ്ങനെ ഇതിഹാസം രചിച്ച രാജ്യങ്ങള്‍ക്കൊപ്പമാണ് ഫുട്‌ബോള്‍ ആരാധകര്‍. ലയണല്‍ മെസി, നെയ്മര്‍, ക്രിസ്റ്റിയാനോ…എന്നിങ്ങനെ കാല്‍പന്തില്‍ കവിതയെഴുതുന്നവര്‍ക്കൊപ്പം അവര്‍ ആരവം തീര്‍ക്കുന്നു. പ്രമുഖ ടീമുകള്‍ക്കും താരങ്ങള്‍ക്കും ജയ്‌വിളിച്ച് അര്‍മാദിച്ചവരൊക്കെയും കുഞ്ഞന്‍പടകളെ എഴുതിത്തള്ളി. എന്നാല്‍ റഷ്യയില്‍ കാല്‍പന്തുരുണ്ടു തുടങ്ങിയപ്പോള്‍ കളിമാറുകയാണ്.

മെസിക്ക് പിന്നാലെ നെയ്മറിനും പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനാവാതെ വന്നതും താരതമ്യേന പേരുകുറഞ്ഞ ചെറുരാജ്യങ്ങളിലെ കുഞ്ഞന്‍പട കൊമ്പന്മാരെയെല്ലാം കൊമ്പുകുത്തിക്കുന്ന തുടക്കവും പുതുകാഴ്ച. വമ്പന്‍ പ്രതീക്ഷയോടെ എത്തിയ അര്‍ജന്റിനയെ സമനിലയില്‍ കുരുക്കിയ ഐസ്‌ലന്റും 2014ല്‍ കപ്പുയര്‍ത്തിയ ജര്‍മ്മനിയെ വിറപ്പിച്ച് വിജയം നേടിയ മെക്‌സികോയും ബ്രസിലിനെ സമനിലയില്‍ തളച്ച സ്വിസ്‌സര്‍ലന്റും കാല്‍പന്ത് മാമാങ്കത്തിന്റെ ആദ്യപകുതി അപ്രതീക്ഷിതമാക്കി.

സര്‍വ്വസന്നാഹങ്ങളുമായെത്തിയ അര്‍ജന്റിനയെ മുട്ടുകുത്തിച്ചത് ഐസ്‌ലന്റിന്റെ ഗോള്‍കീപ്പര്‍ തന്നെ. 63ാം മിനിട്ടില്‍ ലയണല്‍ മെസി പെനാല്‍റ്റികിക്ക് എടുക്കുന്ന നിമിഷം ലോകം കണ്ണിമവെട്ടാതെ നോക്കിയിരുന്നു. ഐസ്‌ലന്റ് ഗോള്‍കീപ്പര്‍ ഹാള്‍ദോര്‍സണ്‍ പന്ത് കൈപ്പിടിയിലൊതുക്കും വരെ. മെസി ആരാധകരുടെ കണ്ണില്‍ പൊന്നീച്ച നിറഞ്ഞ കാഴ്ച. 11 സമനിലയില്‍ മെസിയും കൂട്ടരും മടങ്ങുന്നത് കണ്ട വൈരികളായ ബ്രസീല്‍ ആരാധകവൃന്ദം കൈകൊട്ടിപ്പാടി.

പിന്നെ വന്നത് മുന്‍ചാമ്പ്യന്‍മാരായ ജര്‍മ്മനി. എതിരാളികള്‍ ചില്ലറക്കാരല്ലെന്ന് തിരിച്ചറിഞ്ഞ് കളംനിറഞ്ഞ് കളിച്ച മെക്‌സികോ ജര്‍മ്മന്‍പടയെ തലങ്ങുംവിലങ്ങും വലംവച്ചു. 35ാം മിനിട്ടില്‍ മെക്‌സിക്കന്‍താരം ഹിര്‍വിങ് ലൊസാനോ ജര്‍മ്മന്‍ഗോള്‍ വലയിലേക്ക് വെടിയുണ്ടയുതിര്‍ത്തു. പിന്നെ കളിതീരുംവരെ വല കുലുക്കാന്‍ നടത്തിയ ചാമ്പ്യന്‍മാരുടെ നീക്കം പലവട്ടം തടഞ്ഞ് മെക്‌സിക്ക കാല്‍പന്തിലെ സുന്ദരനിമിഷങ്ങള്‍ എഴുതിച്ചേര്‍ത്തു.

പിന്നാലെ മഞ്ഞപ്പടയായി ബ്രസീല്‍. ലോകം മുഴുവന്‍ ആരാധകവൃന്ദമുള്ള നെയ്മറുടെ ടീം. വലിയ പ്രതീക്ഷയ്ക്ക് വകയില്ലെന്ന മട്ടില്‍ തന്നെയാണ് സ്വിസ്‌സര്‍ലന്റ് കളി തുടങ്ങിയത്. നെയ്മറുടെ നെയ്യെടുക്കാന്‍ മാത്രം കളത്തിലിറങ്ങിയെന്ന മട്ടില്‍ തരികിട നമ്പറുകള്‍ മാത്രമാണ് സ്വിസ്‌നിര പുറത്തെടുത്തത്. ഒടുവില്‍ മഞ്ഞപ്പട തന്നെ ആദ്യം വലകുലുക്കി. ആര്‍പ്പുവിളികള്‍ക്കിടയില്‍ രണ്ടാംപകുതിയുടെ തുടക്കത്തില്‍ തന്നെ സ്വിസ് ഗോള്‍ മടക്കി സമനില പിടിച്ചു.

ജയം തേടിയല്ല ഇറങ്ങിയതെന്ന മട്ടില്‍ സമനില വിട്ടുകളയാതെ സ്വിസ് കളംനിറഞ്ഞു. നെയ്മറെ പത്തോളംതവണ ഫൗള്‍ചെയ്തു. ഇടയ്‌ക്കെല്ലാം മഞ്ഞപ്പടയുടെ കരുനീക്കങ്ങള്‍ക്ക് തടയണയും പണിതതോടെ ബ്രസീലും കണ്ണീരോടെ മടങ്ങി. മെസിയുടെ പെനാല്‍റ്റിക്ക് തടവീണപ്പോള്‍ ആര്‍പ്പുവിളിച്ചതിന്റെ പ്രതികാരമെന്നോണം, സമനിലക്ക് വഴങ്ങിയ മഞ്ഞപ്പടയുടെ വിധിയേയും അര്‍ജന്റിനന്‍ ആരാധകര്‍ വരവേറ്റു.

2018 റഷ്യയിലെ കാല്‍പന്തുകളി, ഈ ട്രെന്‍ഡ് വിടാതെ പിടിച്ചാല്‍ കപ്പുയര്‍ത്തുക ഏതു ടീമാകുമെന്ന് പറയാന്‍വയ്യാത്ത സ്ഥിതിയാകും. ആരാധകവൃന്ദമല്ല, അതുക്കുംമേലെയാണ് ‘കളി’ എന്നു ലോകത്തെ പഠിപ്പിക്കാന്‍ ആരോ ഒരാള്‍ വരുന്നുണ്ടോ?

LEAVE A REPLY

Please enter your comment!
Please enter your name here