”കീരിക്കാടന്‍ ചത്തേ…!!!” മെസീ…നിന്നോടെന്തു പറയാന്‍?

0

ലയണല്‍ മെസി…ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള കാല്‍പന്തുകളിക്കാരന്‍. ചങ്കാണ്, ചങ്കിടിപ്പാണ്…..പക്ഷേ, സമയം തീരെ ശരിയല്ലെന്ന് ആശ്വസിക്കാന്‍ മാത്രമേ ആരാധകര്‍ക്കും അര്‍ജന്റിനയ്ക്കും കഴിയൂ. ജൂണ്‍ 24- ആ ആരാധനാമൂര്‍ത്തിക്ക് 31-ാം പിറന്നാള്‍. ലോകകപ്പ് കിരീടമാതൃകയില്‍ മെസിക്ക് പിറന്നാള്‍ സമ്മാനമൊരുക്കി മോസ്‌കോ റീജിയണ്‍ കായികമന്ത്രി കാത്തിരിപ്പാണ്. ഒപ്പം ലോകമെങ്ങുമുള്ള ആരാധകരും. പക്ഷേ, മെസീ…!!!!, രണ്ടാംവട്ടവും അര്‍ജന്റിന തോറ്റടിഞ്ഞപ്പോള്‍ ചങ്കന്മാരുടെ ചങ്ക് കത്തിപ്പോയെന്നതാണ് യാഥാര്‍ത്ഥ്യം.

ലോകകപ്പ് കീരീടത്തില്‍ മെസിയും കൂട്ടരും ഇക്കൊല്ലം മുത്തമിടുന്നത് സ്വപ്‌നം കണ്ടവരെല്ലാം കടുത്ത നിരാശയിലാണ്. ഐസ്‌ലന്റിനെതിരേയുള്ള ആദ്യമത്സരത്തില്‍ മെസിക്കുട്ടന്‍ പെനാല്‍റ്റി കിക്ക് പാഴാക്കിയതിന്റെ ‘കിക്ക്’ വിടാതെയാണ് ലോകമെങ്ങുമുള്ള ആരാധകര്‍ ഇന്നലെ കളിക്കളത്തിലേക്ക് കണ്ണുനട്ടിരുന്നത്.

ക്രൊയേഷ്യയുടെ 3 ഗോളുകള്‍ അര്‍ജന്റിനയെ തകര്‍ക്കുന്നത് ലയണല്‍ മെസിക്കൊപ്പം അവര്‍ നോക്കിയിരുന്നു. പന്തില്‍ തൊടാന്‍ പോലും കുറച്ച് അവസരങ്ങള്‍മാത്രമാണ് മെസിക്ക് ലഭിച്ചത്. ചെറിയ ചില മുന്നേറ്റങ്ങള്‍ നടത്തിയതൊഴികെ ലയണല്‍ മെസി പല്ലുതെറിച്ച സിംഹമായി കളിക്കളത്തിന്റെ ഒരറ്റത്തുകൂടി ഓടിനടന്ന കാഴ്ചയാണ് ഏറ്റവും ദയനീയമായത്.

ഗോള്‍ വലകുലുക്കാത്ത ആദ്യപകുതിക്ക് ശേഷം 52-ാം മിനിട്ടില്‍ ക്രൊയേഷ്യയുടെ ആദ്യ മുന്നേറ്റം. പിന്നെ ക്രൊയേഷ്യന്‍ താരങ്ങളുടെ തനിനിറം കണ്ട് അമ്പരക്കുന്ന അര്‍ജന്റിനയും ആരാധകരും. തിരിച്ചടിക്ക് ശ്രമിക്കുന്നതിനിടെ 80-ാം മിനുട്ടില്‍ വീണ്ടും ക്രെയോഷ്യയുടെ രണ്ടാം ഗോള്‍. കലങ്ങിമറിയുന്ന അന്തരീക്ഷത്തില്‍ ഒരു ഗോളെങ്കിലും നേടാന്‍ മെസിയും കൂട്ടരും പെടാപ്പാട് പെട്ടുകൊണ്ടിരുന്നു.

സിംഹക്കുട്ടികളായി കളംനിറഞ്ഞു പിടിച്ച ക്രൊയേഷ്യ വീണ്ടും വലകുലുക്കിയതോടെ ലോകം കീഴ്‌മേല്‍ മറിഞ്ഞു. വിയര്‍ത്തു നില്‍ക്കുന്ന ലയണല്‍ മെസിയെക്കണ്ട് ‘മെസി’ വിരുദ്ധരും ക്രൊയേഷ്യന്‍ ആരാധകരും ആര്‍ത്തിരമ്പി- ”കീരിക്കാടന്‍ ചത്തേ…!!!” – ആഹ്ലാദം അലതല്ലാനുള്ളതല്ലേ….തള്ളി തള്ളി ഇത്രടം വരെയെത്തിയ മെസി ആരാധകര്‍ക്ക് എന്തുണ്ട് ബാക്കി? ഈ റഷ്യന്‍ ലോകകപ്പില്‍ മുത്തമിടുന്നത് പോട്ടെ, സെമി..അതുപോട്ടെ, പ്രീ ക്വാര്‍ട്ടര്‍ പോലും പിടിക്കാന്‍ കഴിയാതെ പോകുന്ന മെസീ…നിന്നോടെന്തു പറയാന്‍?

LEAVE A REPLY

Please enter your comment!
Please enter your name here