ഐപിഎല്ലിന് ഇന്ന് കൊടികയറും; ആദ്യ മത്സരം മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ

ഐപിഎല്ലിൻ്റെ 14-ാം പതിപ്പിൻ്റെ ഉദ്ഘാടന മത്സരത്തിൽ ഇന്ന് രോഹിത് ശർമ്മയുടെ മുംബൈ ഇന്ത്യൻസും വിരാട് കോഹ്‌ലിയുടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ ഏറ്റുമുട്ടും.

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമയും നയിക്കുന്ന ടീമുകൾ നേർക്കുനേർ വരുമ്പോൾ അത് ഐപിഎലിന്റെ ആവേശത്തിന് ചേർന്ന തുടക്കമാകും. വൈകിട്ട് 7.30 മുതൽ ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം.

കഴിഞ്ഞ രണ്ടു സീസണുകളിലും തുടർച്ചയായി കിരീടം നേടിയ മുംബൈ ഇക്കുറിയും കിരീടം ലക്ഷ്യം വച്ചാണ് ഇറങ്ങുന്നത്.

മുംബൈ ഇക്കുറിയും വലിയ ആശങ്കയില്ലാതെയാണ് ഇറങ്ങുന്നത്. രോഹിത് ശർമ, ക്വിന്റൺ ഡി കോക്ക്, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, കിറോൺ പൊള്ളാർഡ്, ഹർദിക് പാണ്ഡ്യ, ക്രുനാൽ പാണ്ഡ്യ, ജസ്പ്രീത് ബുംറ, ട്രെൻ്റ് ബോൾട്ട് തുടങ്ങിയവർ അണിനിരക്കുന്ന അതിശക്തമായ ടീം. എല്ലാവരും കഴിഞ്ഞവർഷം ഒന്നിച്ചു കളിച്ചവർ. മുംബൈയുടെ ബെഞ്ച് നിരയെടുത്താലും ശക്തമായ ഒരു ടീമിനെ കൂടി ഉണ്ടാക്കാവുന്നതാണ്. ബാറ്റിംഗിലും ബൗളിങ്ങിലും ഒരുപോലെ കരുത്ത് കാണിക്കുന്ന ടീമാണ് മുംബൈ.

മറുവശത്ത്, വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള ബാംഗ്ലൂരും കണക്കിൽ ശക്തരാണ്. എ.ബി. ഡിവില്ലിയേഴ്സ്, ഗ്ലെൻ മാക്സ് വെൽ, ദേവ്ദത്ത് പടിക്കൽ എന്നിവരടങ്ങിയ ശക്തമായ ബാറ്റിംഗ് നിരയാണ് അവർക്ക്‌ സ്വന്തമായുള്ളത്. ഇവരെ കൂടാതെ കൈൽ ജാമിസൺ, മലയാളി താരമായ മുഹമ്മദ് അസറുദ്ദിൻ, ഡാൻ ക്രിസ്റ്റ്യൻ, വാഷിങ്ടൺ സുന്ദർ എന്നിവരും ബാറ്റ് കൊണ്ട് തിളങ്ങാൻ കഴിയുന്നവരാണ്.

ബൗളിംഗ് വിഭാഗത്തിൽ മുഹമ്മദ് സിറാജ്, നവ്ദീപ് സെയ്നി, യുസ്വേന്ദ്ര ചാഹലും പിന്നെ ഓൾ റൗണ്ട് പ്രകടനങ്ങൾ കാഴ്ചവയ്ക്കാൻ ഇന്ത്യയുടെ വാഷിങ്ടൺ സുന്ദറും കിവി താരം കൈൽ ജാമിസണും ബാംഗ്ലൂർ നിരയിലുണ്ട്. ആദ്യ കിരീടം തേടിയിറങ്ങുന്ന ബാംഗ്ലൂരിനും മുന്നോട്ട് കുതിക്കാൻ തുടക്കം നന്നാകണം. ജയിച്ച് തുടങ്ങാൻ തന്നെയാവും കോഹ്‌ലിയും ലക്ഷ്യമിടുന്നത്.

കോവിഡിന്റെ രണ്ടാം വ്യാപനം രൂക്ഷമാകുന്നതിനു മുമ്പാണ് മത്സരവേദികളും സമയവുമെല്ലാം തീരുമാനിച്ചത്. അതിനുശേഷം കോവിഡ് വൻതോതിൽ കൂടി. രാജ്യമെങ്ങും നിയന്ത്രണങ്ങൾ കർശനമാക്കുന്നു. അക്സർ പട്ടേൽ, ദേവദത്ത് പടിക്കൽ തുടങ്ങിയ കളിക്കാർക്കും വാംഖഡെ സ്റ്റേഡിയത്തിലെ പത്തിലേറെ ഗ്രൗണ്ട് സ്റ്റാഫിനും കോവിഡ് ബാധിച്ചു. എങ്കിലും മത്സരം നിശ്ചയിച്ചപ്രകാരം നടക്കുമെന്ന് ബിസിസിഐ. വ്യക്തമാക്കിയിരുന്നു.

ഇതിൽ കോവിഡ് നെഗറ്റീവ് ആയ പടിക്കൽ ഇന്ന് കളിക്കാൻ ഇറങ്ങിയേക്കും എന്നാണ് സൂചന. അങ്ങനെയാണെങ്കിൽ ബാംഗ്ലൂരിന് വേണ്ടി കോഹ്‌ലിയും പടിക്കലും ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക.

ചെപ്പോക്കിലെ സ്‌ലോ പിച്ച് സ്പിന്നർമാർക്ക് പിന്തുണ നൽകിയേക്കും. ബാറ്റിംഗ് ദുഷ്കരമാവുമെങ്കിലും പിടിച്ച് നിൽക്കാൻ കഴിഞ്ഞാൽ റൺസ് കണ്ടെത്താൻ വിഷമം ഉണ്ടാവില്ല.

LEAVE A REPLY

Please enter your comment!
Please enter your name here