രാജസ്ഥാന്‍ റോയല്‍സിന് എതിരെ 45 റണ്‍സിന്റെ വിജയം ചെന്നൈ സൂപ്പര്‍ കിങ്‌സിനായി 200 മത്സരങ്ങൾ പൂര്‍ത്തിയാക്കിയ ക്യാപ്റ്റൻ ധോണിക്ക് ഇരട്ടി മധുരം നൽകുന്നതായി. മത്സരത്തില്‍ ഏഴാമനായി ബാറ്റിങ്ങിന് ഇറങ്ങിയ താരത്തിന്റെ പ്രകടനം പക്ഷേ നിരാശപ്പെടുത്തുന്നതായിരുന്നു. എന്നാല്‍, മികച്ച പ്രകടനം എപ്പോഴും ഉറപ്പു തരാനാവില്ലെന്നും പൂർണമായും ഫിറ്റായിരിക്കുക എന്നതിന് ആണ് താൻ മുൻഗണന നൽകുന്നതെന്നും മത്സരശേഷം ധോണി പറഞ്ഞു.

ഇന്നലെ നടന്ന മത്സരത്തിൽ രാജസ്ഥാന് എതിരെ 188 റൺസ് പ്രതിരോധിച്ച ചെന്നൈ അവരുടെ സ്പിന്നർമാരായ മോയിൻ അലിയുടെയും രവീന്ദ്ര ജഡേജയുടെയും തകർപ്പൻ പ്രകടനങ്ങളുടെ ബലത്തിലാണ് മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ റൺസ് പ്രതിരോധിച്ചു കൊണ്ട് അവരുടെ ആദ്യത്തെ വിജയം സ്വന്തമാക്കിയത്.

എന്നിരുന്നാലും, മിഡിൽ ഓവറുകളിൽ എം‌ എസ് ധോണി ബാറ്റ് ചെയ്ത രീതി ചില ആശങ്കകൾക്ക് ഇടയാക്കിയിരുന്നു. ഓവറില്‍ ഒമ്പത് റണ്‍സ് ശരാശരിയില്‍ മുന്നേറിയിരുന്ന സി എസ്‌ കെയുടെ സ്‌കോറിങ് ധോണി ക്രീസിൽ എത്തിയതിന് ശേഷം മന്ദഗതിയിലായി. ആറ് ബോളുകള്‍ നേരിട്ട ശേഷമാണ് താരം ആദ്യ റണ്‍ കണ്ടെത്തിയത്. 17 ബോളില്‍ വെറും 18 റണ്‍സ് മാത്രമെടുത്ത താരം ചെന്നൈയുടെ സ്‌കോറിങ് വേഗത കുറച്ചു. നാൽപ്പതാം വയസില്‍ പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ ഉറപ്പ് നല്‍കാനാവില്ലെന്നും ഫിറ്റ്‌നസ് നിലനിര്‍ത്താനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്നും മത്സരശേഷം ധോണി പ്രതികരിച്ചു

മറ്റൊരു മത്സരത്തിൽ ആയിരുന്നെങ്കില്‍ താന്‍ പാഴാക്കിയ ആറ് ബോളുകള്‍ക്ക് വലിയ വില നല്‍കേണ്ടി വന്നേനെ എന്ന് പറഞ്ഞ ധോണി 24 വയസിലും താന്‍ മികച്ച പ്രകടനം ഉറപ്പു പറഞ്ഞിരുന്നില്ലെന്ന് ഓര്‍മ്മിപ്പിച്ചു. ‘നമ്മൾ കളിക്കുമ്പോൾ നമ്മെ ചൂണ്ടി നമ്മൾ ഫിറ്റ് അല്ലെന്ന് ആരും പറയരുത്. പ്രകടനത്തിന്റെ കാര്യത്തില്‍ ഒരു ഉറപ്പുമുണ്ടാകില്ല. എനിക്ക് 24 വയസായിരുന്നപ്പോഴും മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുന്ന കാര്യം ഞാൻ വാഗ്ദാനം നല്‍കിയിരുന്നില്ല. അപ്പോൾ നാൽപ്പതാം വയസിലും അത്തരത്തിൽ ഒരു ഉറപ്പ് നൽകാൻ കഴിയില്ല’ – ധോണി പറഞ്ഞു.

ചെന്നൈയെ വിജയത്തിലേക്ക് നയിച്ച ധോണിയുടെ കീഴിൽ ചെന്നൈ സ്പിന്നർമാർ അവരുടെ പ്രതാപകാലത്തെ ഓർമിപ്പിക്കും വിധമാണ് പന്തെറിഞ്ഞത്. വാംഖഡെയിൽ ഇന്നലെ നടന്ന മത്സരത്തിൽ ഗ്രൗണ്ടിൽ അധികം മഞ്ഞു വീഴ്ച ഉണ്ടായിരുന്നില്ല എന്നതും അവരുടെ വിജയത്തിൽ നിർണായകമായി.

ആദ്യ മത്സരം തോറ്റ ചെന്നൈ പിന്നീടുള്ള രണ്ട് മത്സരങ്ങളും തുടർച്ചയായി ജയിച്ചു നിൽക്കുകയാണ്. ഇത് അവർക്ക് അടുത്ത മത്സരത്തിലേക്ക് പോകുമ്പോൾ ആത്മവിശ്വാസം നൽകും. നാളെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമായിട്ടാണ് ചെന്നൈയുടെ അടുത്ത മത്സരം. മുംബൈയിലെ വാംഖഡെയിൽ ഈ മത്സരവും കൂടി ചേർത്ത് ചെന്നൈക്ക് ഇനി രണ്ടു മത്സരങ്ങളാണ് ഉള്ളത്. ഈ രണ്ട് മത്സരങ്ങൾ കൂടി ജയിച്ച് ടൂർണമെന്റിൽ മുന്നോട്ട് പോവുന്നതിനുള്ള ആത്മവിശ്വാസം നേടാനാവും ധോണിയുടെ സംഘത്തിന്റെ ശ്രമം..

LEAVE A REPLY

Please enter your comment!
Please enter your name here