ബ്രസീൽ ഔട്ട്, സെമിയിൽ ക്രൊയേഷ്യ അർജന്റീനയെ നേരിടും

ദോഹ | ലോക ഒന്നാം നമ്പർ ടീമായ ബ്രസീലിന്റെ ലോകകപ്പ് പ്രതീക്ഷകളെ തല്ലിക്കെടുത്തി ക്രൊയേഷ്യ. നെതർലാൻസിനെ തകർത്ത് സെമിയിലെത്തിയ അർജന്റീനയെ ക്രൊയേഷ്യ നേരിടും.

പ്രീക്വാർട്ടറിനു പിന്നാലെ ക്വാർട്ടർ ഫൈനലിലും പെനാൽട്ടി ഷൂട്ടൗട്ടിൽ ക്രൊയേഷ്യ വിജയം കണ്ടു. വാശിയേറിയ പെനാൽട്ടി ഷൂട്ടൗട്ടിലൂടെയാണ് അർജന്റീനയും സെമിയിലെത്തിയത്.

ബ്രസീലിന്റെ ലോകോത്തര കളിയെ പിടിച്ചു കെട്ടിയ ക്രൊയേഷ്യയാണ് തുടക്കം മുതലേ കണ്ടത്. അധിക സമയത്തിന്റെ ആദ്യ പകുതിയിൽ നെയ്മർ നേടിയ ബ്രസീലിയൻ ഗോളിന് രണ്ടാം പകുതിയിൽ ക്രൊയേഷ്യ മറുപടി നൽകിയപ്പോൾ കളി പെനാൽട്ടി ഷൂട്ടൗട്ടിലേക്കു നീങ്ങി. ക്രൊയേഷ്യയ്ക്കായി നിക്കോളാ വ്ലാസിച്ച്, ലോവ്‌റോ മയർ, ലൂക്കാ മോഡ്രിച്ച്, മിസ്‌ലാവ് ഓർസിച്ച് എന്നിവർ ലക്ഷ്യം കണ്ടു. ബ്രസീലിനായി കാസമിറോ, പെഡ്രോ എന്നിവർ ലക്ഷ്യം കണ്ടെങ്കിലും ആദ്യ കിക്കെടുത്ത റോഡ്രിഗോയുടെ ഷോട്ട് ക്രൊയേഷ്യൻ ഗോൾകീപ്പർ ഡൊമിനിക്ക് ലിവാക്കോവിച്ച് തടുത്തിട്ടു. നാലാം കിക്കെടുത്ത മാർക്വീഞ്ഞോസിന്റെ ഷോട്ട് പോസ്റ്റിൽത്തട്ടി തെറിച്ചതോടെ ബ്രസീൽ പുറത്തേക്ക്. പിന്നാലെ രണ്ടിനെതിരെ നാലു ഗോളുകൾക്ക് ക്രൊയേഷ്യയുടെ ഷൂട്ടൗട്ട് വിജയം.

നിശ്ചിത സമയത്തും അധികസമയത്തും അര്‍ജന്റീന നെതര്‍ലന്‍ഡ്‌സ് മത്സരം സമനിലയില്‍ (2-2) തുടര്‍ന്നു. അര്‍ജന്റീനയ്ക്കായി മോളിന (35), ലയണല്‍ മെസ്സി (73 പെനാല്‍ട്ടി) എന്നിവരാണ് വല കുലുക്കിയത്. നെതര്‍ലന്‍ഡ്‌സിനായി വൗട്ട് വെഗോസ്റ്റ് (83, 90+11) ഗോളുകള്‍ നേടി. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ നെതര്‍ലന്‍ഡ്‌സിന്റെ ആദ്യ രണ്ട് ഷോട്ടുകള്‍ പാഴായി. അര്‍ജന്റീനയുടെ നാലാം ഷോട്ട് പുറത്തുപോയെങ്കിലും അഞ്ചാം ഷോട്ട് വലയിലെത്തിയതോടെ സെമി ടിക്കറ്റ് ലഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here