ഗ്വാളിയാർ: മാന്യന്മാരുടെ വിനോദം എന്നാണ് ക്രിക്കറ്റ് അറിയപ്പെടുന്നത്. എന്നാൽ ഗ്വാളിയാറിൽ കഴിഞ്ഞ ദിവസമുണ്ടായ സംഭവം ഇതിന് നേരെ വിപരീതമായ ഒന്നായിരുന്നു. ഔട്ടായതിൽ പ്രകോപിതനായ ബാറ്റ്സ്മാൻ ഫീൽഡറെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് ക്രൂരമായി മർദിച്ചു. ഗുരുതരാവസ്ഥയിലായ ഫീൽഡർ ആശുപത്രിയിൽ അത്യാസന്ന നിലയിൽ ചികിത്സയിലാണ്.
മധ്യപ്രദേശിലെ ഗ്വാളിയാറിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സച്ചിൻ പരാഷാർ(23) എന്ന യുവാവാണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്. സച്ചിനെ മർദിച്ച സഞ്ജയ് പാലിയയെ(23) പൊലീസ് വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിരിക്കുകയാണ്.
49 റൺസ് എടുത്ത സഞ്ജയ് പാലിയയുടെ ഫിഫ്റ്റി സ്വപ്നം സച്ചിൻ തകർത്തതാണ് ആക്രമണത്തിന് കാരണം. 50 റൺസ് തികയ്ക്കാൻ ബാറ്റ് വീശിയ സഞ്ജയെ സച്ചിൻ ക്യാച്ച് എടുത്ത് പുറത്താക്കിയിരുന്നു. ശനിയാഴ്ച്ച ഗ്വാളിയാറിലെ മേള ഗ്രൗണ്ടിൽ നടന്ന മത്സരത്തിനിടയിലാണ് സംഭവം നടന്നത്.
ഫിഫ്റ്റി പൂർത്തിയാക്കാൻ അനുവദിക്കാതെ 49ാം റൺസിൽ പുറത്താക്കിയതിലുള്ള ദേഷ്യമാണ് സച്ചിനെ ബാറ്റ് കൊണ്ട് മർദിക്കാൻ കാരണമെന്ന് പൊലീസ് പറയുന്നു. ക്യാച്ചെടുത്ത ഉടനെ പ്രകോപിതനായി സച്ചിനടുത്തേക്ക് ഓടിയ സഞ്ജയ് ബാറ്റ് കൊണ്ട് തലയ്ക്ക് നിരവധി തവണ അടിക്കുകയായിരുന്നു. സഹതാരങ്ങൾ സഞ്ജയെ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും ഇയാൾ മർദനം തുടരുകയായിരുന്നു. മർദനമേറ്റ് അവശനായ സച്ചിൻ രക്തം വാർന്ന് തളർന്നു വീണു. തുടർന്നാണ് ആശുപത്രിയിൽ എത്തിക്കുന്നത്.
അതേസമയം, സംഭവത്തിന് പിന്നാലെ സഞ്ജയ് ഒളിവിൽ പോയിരിക്കുകയാണ്. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. വ്യാപകമായ തിരച്ചിൽ തുടരുകയാണെന്നും പൊലീസ്. അതിനിടയിൽ ആശുപത്രിയിൽ അത്യാസന്ന നിലയിൽ തുടരുന്ന സച്ചിൻ അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. തലയ്ക്ക് മാരകമായി പരിക്കേറ്റ സച്ചിൻ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ തന്നെയാണുള്ളത്.
ഉത്തർപ്രദേശിലും കഴിഞ്ഞ ദിവസം സമാന സംഭവം നടന്നിരുന്നു. വൈകുന്നേരത്തെ ക്രിക്കറ്റ് കളിക്കിടയിലുണ്ടായ തർക്കത്തിൽ പതിനാറുകാരൻ കൊല്ലപ്പെട്ടു. ഔട്ട് ആയതുമായി ബന്ധപ്പെട്ട് രണ്ട് ടീമുകളും തമ്മിലുള്ള തർക്കമാണ് കൗമാരക്കാരന്റെ മരണത്തിൽ കലാശിച്ചത്. വ്യാഴാഴ്ച്ച വൈകുന്നേരം കളിക്കുന്നതിനിടയിൽ ഔട്ട് ആയത് അംഗീകരിക്കാതിരുന്നതാണ് വഴക്കിന് കാരണം.
അംപയർ എൽബി ഡബ്ല്യൂ വിളിച്ചെങ്കിലും ബാറ്റ് ചെയ്ത 14 കാരൻ ഔട്ട് അംഗീകരിക്കാതെ ക്രീസിൽ തുടരാൻ ശ്രമിച്ചു. ഇതോടെ ഇരു ടീമുകളും തമ്മിൽ കയ്യാങ്കളിയിലെത്തി. മറു ടീമിന്റെ അടിയിൽ പ്രകോപിതനായ ബാറ്റ്സ്മാൻ ബാറ്റുകൊണ്ട് തിരിച്ചടിക്കുകയായിരുന്നു. കഴുത്തിന് ബാറ്റുകൊണ്ട് ഗുരുതരമായി അടിയേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പതിനാല് വയസ്സുള്ള കുട്ടിയാണ് മർദിച്ചത്.