നാലാം ടെസ്റ്റിന് മുന്നോടിയായി ബ്രിസ്ബേനില്‍ ക്വാറന്റൈനില്‍ ഇരിക്കാന്‍ സാധിക്കില്ലെന്ന ഇന്ത്യയുടെ നിലപാട് തള്ളി ഓസ്ട്രേലിയ. നിയമം പാലിക്കാന്‍ പറ്റില്ലെങ്കില്‍ വരരുതെന്ന് ക്യൂന്സ്ലാന്ഡ് ലെജിസ്ലേറ്റീവ് അസംബ്ലി അംഗം റോസ് ബെറ്റ്സ് ഇന്ത്യന്‍ ടീമിന് മുന്നറിയിച്ച് നല്കി.
ഇന്ത്യയുടെ പരാതി പരിഗണിക്കില്ലെന്നു ക്യൂന്‍സ് ലാന്‍ഡ് കായിക മന്ത്രി തിം മാന്‍ഡര്‍ പറഞ്ഞു. നിയമം എല്ലാവര്ക്കും ബാധകമാണെന്നും നിയമം അനുസരിച്ച് കളിക്കാന്‍ തയ്യാറല്ലെങ്കില്‍ ഇന്ത്യയെ ഇവിടേക്ക് ക്ഷണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നാലാം ടെസ്റ്റിനായി ബ്രിസ്ബനിലേക്ക് യാത്ര ചെയ്യാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം വിസമ്മതിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഓസ്ട്രേലിയയില്‍ തുടരെ തുടരെ ക്വാറന്റൈനില്‍ ഇരിക്കേണ്ടി വരുന്നതാണ് ഇന്ത്യന്‍ ടീമിനെ അസസ്വതതപ്പെടുത്തുന്നത്.
ദുബായിലും സിഡ്നിയിലും 14 ദിവസം വീതം ഇന്ത്യന്‍ ടീം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്നു. ഇനിയും ക്വാറന്റൈനില്‍ പോവാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ല എന്നാണ് ഇന്ത്യന്‍ ടീം വൃത്തങ്ങളുടെ നിലപാട്. നാലാം ടെസ്റ്റിന് മുന്നോടിയായി ബ്രിസ്ബേനില്‍ ഇന്ത്യന്‍ ടീമിന് ക്വാറന്റൈനില്‍ കഴിയേണ്ടതുണ്ട്. അതിനാല്‍ സിഡ്നിയില്‍ തന്നെ അവശേഷിക്കുന്ന രണ്ട് ടെസ്റ്റുകളും നടത്തണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത്.
ഓസ്ട്രേലിയന്‍ ടീമിന് ലഭിക്കുന്നത് പോലെ തന്നെ പരിഗണന ഇന്ത്യന്‍ ടീമിനും ഇക്കാര്യത്തില്‍ ലഭിക്കണം. ആറ് മാസത്തോളമായി പല സംസ്ഥാനങ്ങളിലായി ലോക്ക്ഡൗണില്‍ കഴിഞ്ഞാണ് കളിക്കാര്‍ വരുന്നത്. അത് എളുപ്പമുള്ള കാര്യമല്ല. വീണ്ടും ഹോട്ടലില്‍ കുടുങ്ങിയിരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഗ്രൗണ്ടിലിറങ്ങാന്‍ സാധിക്കണം. ഇനി വീണ്ടും ബബിളിലേക്ക് പോവാന്‍ ആഗ്രഹിക്കുന്നില്ല.’ ഇന്ത്യന്‍ ടീം വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.