ദോഹ | കലാശപ്പോരാട്ടത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസിനെ പെനൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തി ഖത്തർ ലോകകപ്പിൽ അർജന്റീന കിരീടം തൊട്ടു. 36 വർഷത്തെ ഇടവേളയ്ക്കു ശേഷം മെസിയും കൂട്ടരും ലോകകപ്പുമായി നാട്ടിലേക്ക്.
ഓരോ ഇഞ്ചിലും ആവേശം നുരഞ്ഞുപൊന്തിയ ഷൂട്ടൗട്ടിൽ 4 – 2നാണ് അർജന്റീന ഫ്രാൻസിനെ വീഴ്ത്തിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ടു ഗോൾ വീതമടിച്ചും എക്സ്ട്രാ ടൈമിൽ ഓരോന്നു കൂടി നേടിയും സമനിലയിലായിരുന്നു. അതോടെ വിജയികളെ കണ്ടെത്താൻ ഷൂട്ടൗട്ട് തുടങ്ങി. ഷൂട്ടൗട്ടിൽ അർജന്റീനയ്ക്കായി ക്യാപ്റ്റൻ ലയണൽ മെസ്സി, പൗലോ ഡിബാല, ലിയാൻഡ്രോ പരേദസ്, മോണ്ടിയാൽ എന്നിവർ ലക്ഷ്യം കണ്ടപ്പോൾ, ഫ്രാൻസിനായി ലക്ഷ്യം കണ്ടത് കിലിയൻ എംബപെ, കോളോ മുവാനി എന്നിവർ മാത്രം. ഫ്രഞ്ച് താരം കിങ്സ്‌ലി കോമന്റെ ഷോട്ട് അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് തടഞ്ഞു. മൂന്നാം കിക്കെടുത്ത ഔറേലിയൻ ചൗമേനിയുടെ ഷോട്ട് പുറത്തുപോയി.
ഫ്രാൻസിനായി കിലിയൻ എംബപെ ഹാട്രിക് നേടി. 80, 81, 118 മിനിറ്റുകളിലായിരുന്നു എംബപെയുടെ ഗോളുകൾ. അർജന്റീനയ്ക്കായി മെസ്സി ഇരട്ടഗോൾ നേടി. 23, 108 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഗോളുകൾ. ഒരു ഗോൾ എയ്ഞ്ചൽ ഡി മരിയയുടെ (36–ാം മിനിറ്റ്) വകയാണ്.
അർജന്റീനയെ ഫൈനലിലെത്തിച്ച ഐതിഹാസിക പ്രകടനം മെസ്സിക്ക് ഗോൾഡൻ ബോൾ പുരസ്കാരം നേടിക്കൊടുത്തു. ഇതോടെ, ലോകകപ്പിന്റെ ചരിത്രത്തിൽ രണ്ടു തവണ ഗോൾഡൻ ബോൾ നേടുന്ന ആദ്യ താരമായി മെസ്സി. അർജന്റീന ഫൈനലിൽ ജർമനിയോടു പരാജയപ്പെട്ട 2014ലെ ലോകകപ്പിലും മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ മെസ്സിക്കായിരുന്നു.
അതേസമയം, വാശിയേറിയ പോരാട്ടത്തിനൊടുവിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരത്തിനുള്ള ഗോൾഡൻ ബൂട്ട് മെസ്സിയെ മറികടന്ന് ഫ്രാൻസിന്റെ കിലിയൻ എംബപെ സ്വന്തമാക്കി. കലാശപ്പോരാട്ടത്തിനു മുൻപ് മെസ്സിയും എംബപെയും അഞ്ച് ഗോളുകൾ വീതം നേടി ഒന്നാം സ്ഥാനത്തായിരുന്നെങ്കിലും, ഫൈനലിൽ ഇരട്ടഗോൾ നേടിയ മെസ്സിയെ ഹാട്രിക് മികവിൽ മറികടന്നാണ് എംബപെയുടെ ഗോൾഡൻ ബൂട്ട് നേട്ടം.
argentina vs france fifa world cup final