മുംബൈ: ഓള് ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി.വി.സിന്ധു സെമിയില്‍. ക്വാര്‍ട്ടറില്‍ ജപ്പാന്റെ അകാനെ യമാഗൂച്ചിയെയാണ് സിന്ധു പരാജയപ്പെടുത്തിയത്. മൂന്ന് സെറ്റുകളുടെ പോരാട്ടത്തില്‍ 2-1 നാണ് സിന്ധു ജയം സ്വന്തമാക്കിയത്. ആദ്യ സെറ്റില്‍ പിന്നില്‍ നിന്ന ശേഷം ഗംഭീര തിരിച്ചുവരവാണ് ഇന്ത്യന്‍ താരം നടത്തിയത്. ആദ്യ സെറ്റ് യമാഗൂച്ചി സ്വന്തമാക്കിയത് 16-21 എന്ന നിലയിലാണ്. രണ്ടാം സെറ്റില്‍ അതേ സ്കോറിനു തന്നെ യമാഗൂച്ചിയെ വീഴ്ത്തി സിന്ധു മത്സരത്തിലേക്ക് തിരിച്ചെത്തി.
മൂന്നാം സെറ്റ് വളരെ ആവേശകരമായിരുന്നു. ഇരു താരങ്ങളും ഒപ്പത്തിനൊപ്പം പോയ മൂന്നാം സെറ്റില്‍ അവസാന നിമിഷങ്ങളില്‍ സിന്ധു സ്കോര്‍ ചെയ്തു. ഒടുവില്‍ 21-19 എന്ന നിലയില്‍ മൂന്നാം സെറ്റും സിന്ധു സ്വന്തമാക്കി. ഒരു മണിക്കൂര്‍ 15 മിനിറ്റാണ് മത്സരം നീണ്ടത്.
കഴിഞ്ഞ മൂന്ന് തവണ യമാഗൂച്ചിയെ നേരിട്ടപ്പോഴും സിന്ധു പരാജയപ്പെടുകയായിരുന്നു. ഓള് ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ് സെമിയില്‍ ലോക റാങ്കിങില്‍ 11-ാം സ്ഥാനത്തുള്ള പാര്‍പാവീ ചോചുവോംഗ് ആണ് സിന്ധുവിന്റെ എതിരാളി.