ന്യൂഡൽഹി | ഐഎസ്എൽ ഫുട്ബോൾ പ്ലേ ഓഫിൽ ബെംഗളൂരു എഫ്സിക്കെതിരെ മത്സരം പൂർത്തിയാക്കാതെ മൈതാനം വിട്ട കേരള ബ്ലാസ്റ്റേഴ്സിന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) 4 കോടി രൂപ പിഴശിക്ഷ വിധിച്ചു. കളിക്കളത്തിലെ മോശം പെരുമാറ്റത്തിന്റെ പേരിൽ പരസ്യമായി ക്ഷമാപണം നടത്താനും എഐഎഫ്എഫ് അച്ചടക്ക സമിതി നിർദേശിച്ചു. ക്ഷമാപണം നടത്തിയില്ലെങ്കിൽ 6 കോടി രൂപ പിഴയടയ്ക്കണം.
കളിക്കളത്തിൽനിന്ന് താരങ്ങളെ തിരികെ വിളിച്ച ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്കൊമനോവിച്ചിനെ 10 മത്സരങ്ങളിൽ നിന്നു വിലക്കി. 5 ലക്ഷം രൂപ പിഴയും വിധിച്ചു. വുക്കൊമനോവിച്ചും പരസ്യമായി മാപ്പു പറയണം. ഇല്ലാത്തപക്ഷം പിഴ ശിക്ഷ 10 ലക്ഷമാകും. ടീമിന്റെ ഡ്രസിങ് റൂമിൽ വരെ പ്രവേശന വിലക്ക് ബാധകമാണ്. 10 ദിവസത്തിനകം പിഴ അടയ്ക്കാനാണ് നിർദേശം. അതേസമയം, വിധിക്കെതിരെ അപ്പീൽ നൽകാനും ബ്ലാസ്റ്റേഴ്സിന് അവസരമുണ്ട്.
കഴിഞ്ഞ മാർച്ച് 3ന് ബെംഗളൂരൂ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന ഐഎസ്എൽ പ്ലേ ഓഫ് മത്സരമാണ് വിവാദമായത്.