കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് അടുത്ത തിരിച്ചടി. ബംഗാള്‍ മന്ത്രിയും തൃണമൂല്‍ നേതാവുമായ ലക്ഷമി രത്തന്‍ ശുക്ല രാജിവെച്ചു. ബംഗാള്‍ മന്ത്രി സഭയിലെ കായിക വകുപ്പ് മന്ത്രിയാണ് ലക്ഷ്മി രത്തന്‍. മുന്‍ ക്രിക്കറ്റ് താരം കൂടിയാണ് അദ്ദേഹം.തൃണമൂല്‍ കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റ് സ്ഥാനവും ലക്ഷ്മി രാജി വെച്ചിട്ടുണ്ട്. ഹൗറ ജില്ലാ അധ്യക്ഷനായിരുന്നു അദ്ദേഹം. അതേസമയം തൃണമൂല്‍ എം.എല്‍.എ സ്ഥാനം അദ്ദേഹം രാജി വെച്ചിട്ടില്ല.

മന്ത്രിയുടെ രാജിക്ക് പിന്നിലുള്ള കാരണത്തെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ലക്ഷ്മി രത്തന്‍ രാഷ്ട്രീയരംഗത്ത് നിന്നും പിന്മാറാന്‍ പോകുകയാണെന്ന തരത്തിലുള്ള ചില റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നു.ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മന്ത്രിമാരടക്കമുള്ള തൃണമൂല്‍ നേതാക്കളുടെ രാജി പാര്‍ട്ടിക്ക് തലവേദയായിട്ടുണ്ട്. നേരത്തെ രാജിവെച്ച സുവേന്തു അധികാരി ബി.ജെ.പിയില്‍ ചേര്‍ന്നത് മമതാ ബാനര്‍ജിക്ക് തിരിച്ചടിയായിരുന്നു.

സുവേന്തുവിനൊപ്പം തൃണമൂലില്‍ നിന്നും മറ്റു പാര്‍ട്ടികളില്‍ നിന്നുമുള്ള പത്തോളം നേതാക്കളാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. സുവേന്തുവിന്റെ സഹോദരനായ സൗമേന്തു അധികാരിയും 14 തൃണമൂല്‍ കൗണ്‍സിലര്‍മാരും കഴിഞ്ഞ ദിവസം ബി.ജെ.പി അംഗത്വം സ്വീകരിച്ചിരുന്നു.

ലക്ഷ്മി രത്തന്‍ ശുക്ല അയച്ച രാജി തനിക്ക് ലഭിച്ചുവെന്നും രാജി സ്വീകരിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും മമത പറയുന്നു. ‘ലക്ഷ്മി രത്തന്‍ ഒരു നല്ല പയ്യനാണ്, അയാള്‍ക്ക് കായികരംഗത്തേക്ക് മടങ്ങാന്‍ ആഗ്രഹമുണ്ട്. തെറ്റിദ്ധാരണകളൊന്നുമില്ല, തിരഞ്ഞെടുപ്പ് വരെ അദ്ദേഹം എം‌എല്‍‌എയായി തുടരും’- മമത പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here