തിരുവനന്തപുരം | സംസ്ഥാന തലത്തില്‍ അപ്രതീക്ഷിത ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ക്കായി പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിക്കുന്നു. ഫുഡ് സേഫ്റ്റി എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്തെ ഏത് ഭാഗത്തും ഈ ടാസ്‌ക് ഫോഴ്സിന് പരിശോധന നടത്താനാകും. അതത് പ്രദേശത്തെ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരും ഈ ടീമിന്റെ ഭാഗമാകുമെന്നും മന്ത്രി പറഞ്ഞു. ഫുഡ് സേഫ്റ്റി ഓഫീസര്‍മാര്‍ മുതല്‍ കമ്മീഷണര്‍ വരെയുള്ള ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. കോവിഡിന് ശേഷം ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നടപടികള്‍ ശക്തമാക്കിയതായി യോഗം വിലയിരുത്തി.
സംസ്ഥാന വ്യാപകമായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകൾ പുരോഗമികുകയാണ്. വ്യാഴാഴ്ച 545 സ്ഥാപനങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി. വൃത്തിഹീനമായി പ്രവര്‍ത്തിച്ച 14 സ്ഥാപനങ്ങളുടേയും ലൈസന്‍സ് ഇല്ലാതിരുന്ന 18 സ്ഥാപനങ്ങളുടേയും ഉള്‍പ്പെടെ 32 ളുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു. 177 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ശക്തമായ പരിശോധന തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ലൈസന്‍സില്ലാത്ത സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. ലൈസന്‍സ് റദ്ദാക്കപ്പെട്ടാല്‍ അത് കമ്മീഷണര്‍ കണ്ട് മാത്രമേ പുന:സ്ഥാപിക്കുന്നതിന് അനുമതി നല്‍കാന്‍ പാടുള്ളൂ. കൃത്യമായ ഇടവേളകളില്‍ പരിശോധനകള്‍ നടത്തണം. രാത്രികാലങ്ങളില്‍ ചെക്ക് പോസ്റ്റുകള്‍, തട്ടുകടകള്‍ എന്നിവ കേന്ദ്രീകരിച്ച് കൃത്യമായി പരിശോധനകള്‍ നടത്തണം. പരിശോധനകളും പ്രോസിക്യൂഷന്‍ നടപടികളും ഭയരഹിതമായി നടത്താനും മന്ത്രി യോഗത്തിൽ നിർദ്ദേശം നൽകി.
special task force will be formed for food safety inspection Minister Veena George