ഡെന്‍മാര്‍ക്കില്‍ എന്തോ ചീഞ്ഞു നാറുന്നു; ഡോളര്‍ കടത്തില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ ലക്ഷ്യമിട്ട് കെ.സി. ജോസഫ്; ഒന്നും ഭയക്കാനില്ലെന്ന് സ്പീക്കര്‍

തിരുവനന്തപുരം: സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് നോട്ടീസ് നല്‍കിയതിനെ ചൊല്ലിയുള്ള വിവാദം കത്തുന്നു. സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ.അയ്യപ്പനെ ചോദ്യം ചെയ്യാന്‍ സ്പീക്കറുടെ മുന്‍കൂര്‍ അനുമതി വേണമെന്ന് ആവശ്യപ്പെട്ടാണ് നിയമസഭാ സെക്രട്ടറി കസ്റ്റംസിന് കത്തയച്ചത്. ഇതിനെതിരെയാണ് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, ഡോളാര്‍ കടത്തില്‍ ശ്രീരാമകൃഷ്ണനെ കൃത്യമായി ലക്ഷ്യമിട്ട് കോണ്‍ഗ്രസ് എംഎല്‍എ കെ.സി. ജോസഫ് രംഗത്തെത്തി. ഡെന്‍മാര്‍ക്കില്‍ എന്തൊക്കെയോ ചീഞ്ഞ് നാറുന്നുവെന്നാണ് ജോസഫ് ട്വിറ്ററില്‍ കുറിച്ചു.

‘തന്റെ പി എയെ സംരക്ഷിക്കുന്നതിനോ നിയമനടപടികളില്‍ നിന്ന് ഒഴിവാക്കുന്നതിനോ, നിയമനിര്‍മ്മാണ സഭയ്ക്ക് സംരക്ഷണം നല്‍കുന്ന വിശേഷാധികാരം സ്പീക്കര്‍ ദുരുപയോഗം ചെയ്യുന്നത് നിര്‍ഭാഗ്യകരമാണ്. ഇത് നിയമസഭയുടെ പദവിയേയും അന്തസിനേയും ഇടിച്ചുതാഴ്ത്തുകയാണ്. ഡെന്‍മാര്‍ക്കില്‍ എന്തൊക്കെയോ ചീഞ്ഞ് നാറുന്നുവെന്നും കെ.സി. ജോസഫ് ട്വിറ്ററില്‍ കുറിച്ചു.

അതേസമയം, ലെജിസ്ളേറ്റീവ് അസംബ്ലി റൂള്‍സ് ചൂണ്ടിക്കാട്ടിയാണ് തന്റെ കത്തെന്നാണ് നിയമസഭാ സെക്രട്ടറിയുടെ വാദം. ഇതു തന്നെ ഇന്ന് സ്പീക്കറും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. തനിക്ക് ഭയക്കാന്‍ ഒന്നുമില്ല. സഭയുടെ പരിസരത്ത് എന്തു നിയമനടപടി സ്വീകരിക്കണമെങ്കിലും സ്പീക്കറുടെ അനുമതി വേണമെന്നാണ് ചട്ടം. ഇതുപ്രകാരം സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി അയ്യപ്പനെ വിളിപ്പിക്കണമെങ്കില്‍ കസ്റ്റംസ്, സ്പീക്കറുടെ മുന്‍കൂര്‍ അനുമതിവാങ്ങണം. എന്നാല്‍ നിയമസഭാ സ്പീക്കര്‍ക്ക് ഭരണഘടനാപദവിയനുസരിച്ചുളള പ്രത്യേക നിയമപരിരക്ഷ ലഭിക്കുമെങ്കിലും അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫിന് ഈ പരിരക്ഷ അവകാശപ്പെടാനാകില്ല എന്ന നിലപാടിലാണ് കസ്റ്റംസ്. ഇതുസംബന്ധിച്ച്‌ കസ്റ്റംസിന് ലഭിച്ച പ്രാഥമിക നിയമോപദേശവും ഇത്തരത്തിലാണ്.

സ്പീക്കറില്‍ നിന്ന് ഒരു കേസില്‍ മൊഴിയെടുക്കണമെങ്കില്‍ നിയമസഭ കൂടുന്നതിന് ഒരുമാസം മുമ്ബും നിയമസഭ ചേര്‍ന്ന് ഒരുമാസത്തിനുശേഷവും മാത്രമേ നോട്ടീസ് നല്‍കാവൂ എന്നാണ് അസംബ്ലി റൂള്‍സിലുളളത്. ഇത് സ്പീക്കറുടെ സ്റ്റാഫിനും ബാധകമാണെന്നാണ് നിയമസഭാ സെക്രട്ടറി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇത് വലിയ നിയമയുദ്ധത്തിലേക്ക് നീങ്ങുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here