സോളാര്‍ ഷോക്ക്: ഉമ്മന്‍ ചാണ്ടി, തിരുവഞ്ചൂര്‍, ആര്യാടന്‍ എന്നിവര്‍ക്കെതിരെ കേസ്

0

തിരുവനന്തപുരം: സോളാര്‍ കേസില്‍ മുന്‍മുഖ്യമന്ത്രി ഉത്തരവാദിയെന്ന കമ്മിഷന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിനു സര്‍ക്കാര്‍ തീരുമാനം. മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌നെതിരെ ക്രിമിനല്‍ കേസ് എടുക്കും. മുന്‍മന്ത്രി ആര്യാടന്‍ മുഹമ്മദ്, തമ്പാനൂര്‍ രവി, ബെന്നി ബഹനാന്‍ എന്നിവര്‍ക്കെതിരെയും കേസ്.

  • ഉമ്മന്‍ ചാണ്ടിയും ഉമ്മന്‍ ചാണ്ടി മുഖേന പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളായ ടെന്നി ജോപ്പന്‍, ജിക്കുമോന്‍ ജേക്കബ്, ഗണ്‍മാന്‍ സലീം രാജ്, ഡല്‍ഹി സഹായി കുരുവിള എന്നിവര്‍ ടീം സോളാര്‍ കമ്പനിയയും സരിത് എസ്. നായരെയും അവരുടെ ഉപഭോക്താക്കളെ വഞ്ചിക്കാന്‍ സഹായിച്ചിട്ടുണ്ടെന്നാണ് കമ്മിഷന്റെ ഒന്നാമത്തെ നിഗമനം. അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ക്രിമിനല്‍ ഉത്തരാദിത്വത്തില്‍ നിന്ന് ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ നിയമവിരുദ്ധമായും കുറ്റകരമായും പോലീസ് ഉദ്യോഗസ്ഥരെ സ്വാധീനിച്ചു. ഇവര്‍ക്കെതിരെയെല്ലാം വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനാണ് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലുള്ള മന്ത്രിസഭാ തീരുമാനം.
    ഉമ്മന്‍ ചാണ്ടി, ടെന്നി ജോപ്പന്‍, ജിക്കുമോന്‍, സലീം രാജ് എന്നിവര്‍ക്കെതിരെ തുടരന്വേഷണത്തിനു വേണ്ടി ക്രിമിനല്‍ നടപടി നിയമപ്രകാരം ബന്ധപ്പെട്ട കോടതികളില്‍ ഹര്‍ജി നല്‍കും. തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഥം അന്വേഷിക്കും. തിരുവഞ്ചൂരിനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും.
  • ആര്യാടന്‍ മുഹമ്മദ് ഉമ്മന്‍ ചാണ്ടിയുടെ കാര്യത്തില്‍ കണ്ടെത്തിയതുപോലെ നിയമവിരുദ്ധമായി ടീം സോളാറിനെയും സരിത എസ്. നായരെയും സഹായിച്ചിട്ടുണ്ടെന്നാണ് കമ്മിഷന്റെ രണ്ടാമത്തെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തിലാണ് ആര്യാടനെതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.
  • പ്രത്യേക അന്വേഷണ സംഘം ഉമ്മന്‍ ചാണ്ടിയെ ക്രിമിനല്‍ കുറ്റത്തില്‍ നിന്ന് രക്ഷപ്പെടുത്താന്‍ കുത്സിത ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് മൂന്നാമത്തെ നിഗമനം. ഇവര്‍ക്കെതിരെ വകുപ്പു തല നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു. കെ. പത്മകുമാര്‍ ഐ.പി.എസ്, ഡി.വൈ.എസ്.പി കെ. ഹരികൃഷ്ണന്‍ എന്നിവര്‍ക്കെതിരെ തെളിവുകള്‍ നശിപ്പിച്ചതടക്കമുള്ള കുറ്റങ്ങളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യും. അന്വേഷണ സംഘത്തലവന്‍ എ. ഹേമചന്ദ്രന്‍ അടക്കമുള്ളവരുടെ പങ്കിനെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും.
  • ടീം സോളാര്‍ കമ്പനിയുടെ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്ത മന്ത്രിമാരും സരിത എസ്. നായരുടെ ടീം സോളാര്‍ കമ്പനിയുടെ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കാന്‍ ശിപാര്‍ശ ചെയത് എം.എല്‍.എമാരും അവരുടെ ക്രിമിനല്‍ കേസുകള്‍ അവസാനിപ്പിക്കാന്‍ ശ്രമിച്ച തമ്പാനൂര്‍ രവി, ബെന്നി ബഹന്നാന്‍ തുടങ്ങിയവരും ഉമ്മന്‍ ചാണ്ടിയെ രക്ഷപ്പെടുത്താന്‍ വേണ്ടി പ്രവര്‍ത്തിച്ചുവെന്നാണ് കമ്മിഷന്റെ നാലാമത്തെ നിഗമനം. ഇവര്‍ക്കെതിരെക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.
  • 2013 ജൂലൈ 19ലെ സരിതാ നായരുടെ കത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള വ്യക്തികള്‍ സരിതാ നായരുമായും അഡ്വക്കേറ്റുമായും ഫോണില്‍ ബന്ധപ്പെട്ടുവെന്നതാണ് അഞ്ചാമത്തെ നിഗമനം. സരിതയ്‌ക്കെതിരെ ലൈംഗിക പീഡനവും ബലാത്സംഗവും നടത്തായി തെളിഞ്ഞിട്ടുണ്ടെന്നാണ് നിയമോപദേശം. എന്നാല്‍, അന്വേഷണ സംഘം ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയതായി കാണുന്നില്ല. കത്തില്‍ പരാമര്‍ശിച്ചവര്‍ക്കെതിരെ ലൈംഗിക പീഡനത്തിനടത്തിനടക്കം കേസ് എടുക്കണമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാനും പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കാനും തീരുമാനിച്ചു.
  • കേരള പോലീസ് അസോസിയേഷന്‍ സെക്രട്ടറിയായിരുന്ന ജി. ആര്‍. അജിത്തിനെതിരെ പി.സി. ആക്ട് ഉപയോഗിക്കാനാകുമോയെന്ന് പരിശോധിക്കണമെന്നാണ് അടുത്ത നിഗമനം. ഇയാള്‍ക്കെതിരെ വിജിലന്‍സ്, വകുപ്പുതല അന്വേഷണങ്ങള്‍ നടത്തും.
  • പോലീസ് സേനയുടെ അച്ചടക്കം ഉയര്‍ത്തിപ്പിടിക്കാന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ അനുയോജ്യമായ ഒരു ഏജന്‍സി, പ്രതികള്‍, വിചാരണ തടവുകാര്‍ എന്നിവരെ കോടതിയില്‍ ഹാജരാക്കുമ്പോഴുള്ള പോലീസ് കാവല്‍ തുടങ്ങിയ നിഗമനങ്ങളില്‍ ശിപാര്‍ശ സമര്‍പ്പിക്കാന്‍ റിട്ട. ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ ഒരു കമ്മിഷനെ നിയമിക്കും. സെക്രട്ടേറിയറ്റിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ദീര്‍ഘനാള്‍ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട നിഗമനങ്ങളില്‍ തീരുമാനമെടുക്കാന്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയെ മന്ത്രിസഭ ചുമതലപ്പെടുത്തി. അനര്‍ട്ടിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട നിഗമനങ്ങളില്‍ ഊര്‍ജ അഡീഷണല്‍ ചീഫ് സെക്രട്ടറി നടപടി സ്വീകരിക്കും.

സോളാര്‍ ഇടപാടുകളുമായി ബന്ധപ്പെട്ട് പുതിയ പരാതികളോ തെളിവുകളോ ലഭിച്ചാല്‍ അതും അന്വേഷണ സംഘം പരിശോധിക്കും.

 

 


Loading...

LEAVE A REPLY

Please enter your comment!
Please enter your name here