സോളാ‍ര്‍ പീഡനം: കേസ് സിബിഐക്ക് വിട്ടത് ഇരയുടെ ആവശ്യപ്രകാരമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സോളാർ പീഡനക്കേസിൽ അന്വേഷണം സിബിഐക്കു വിട്ടത് പരാതിക്കാരിയുടെ ആവശ്യപ്രകാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേസ് സിബിഐക്കു വിട്ടത് സ്വാഭാവിക നടപടി ക്രമമാണെന്നും രാഷ്ട്രീയ പ്രേരിതമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇരയുടെ പരാതി സ്വീകരിച്ചില്ലെങ്കിൽ അതും വിമർശനത്തിന് ഇടയാക്കില്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു.

നേരത്തേയും കേസുകൾ സംസ്ഥാന സർക്കാർ സിബിഐക്ക് വിട്ടിട്ടുണ്ട്. സോളാർ പീഡനക്കേസിൽ ഇര സിബിഐ അന്വേഷണം ആവശ്യപ്പെട്ടാൽ സർക്കാരിനു മുന്നിൽ മറ്റെന്താണ് വഴി. പോലീസ് അന്വേഷണത്തിൽ പുരോഗതിയില്ലെന്നുകാട്ടി ഇര പരാതി തന്നു. അത്തരമൊരു പരാതി സ്വീകരിച്ചില്ലെങ്കിൽ അത് ന്യായമാകുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
പരാതി സ്വീകരിച്ചില്ലെങ്കിൽ അത് കൂടുതൽ വിമർശനങ്ങൾക്ക് ഇടയാക്കില്ലേ? പോലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്ന അവരുടെ ആവശ്യം സർക്കാർ അംഗീകരിച്ചു. അത് രാഷ്ട്രീയ പ്രേരിതമല്ലെന്നും സ്വാഭാവിക നടപടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടി, കെസി വേണുഗോപാൽ, ഹൈബി ഈഡൻ, എപി അനിൽ കുമാർ, അടൂർ പ്രകാശ്, ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടി എന്നിവർക്കെതിരെ സിബിഐ അന്വേഷണം വേണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം.

2018 ഒക്ടോബറിൽ ഉമ്മൻ ചാണ്ടി, കെസി വേണുഗോപാൽ, ഹൈബി ഈഡൻ എന്നിവർക്കെതിരെ കേസെടുത്തിരുന്നു. പിന്നാലെ എപി അനിൽ കുമാർ, അടൂർ പ്രകാശ്, പ്രൈവറ്റ് സെക്രട്ടറി സഹദുള്ള എന്നിവർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് രജിസ്റ്റർ ചെയ്ത കേസും അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here