‘പാമ്പുകൾ ഇനി വിരൽത്തുമ്പിൽ; സ്നേക്പീഡിയ മൊബൈൽ ആപ്പ് ലോഞ്ച് ചെയ്തു

തിരുവനന്തപുരം: കേരളത്തിലെ പാമ്പുകളെ കുറിച്ചുള്ള സമഗ്രമായ ഒരു ആൻഡ്രോയ്ഡ് മൊബൈൽ ആപ്ലിക്കേഷൻ സ്നേക്പീഡിയ (Snakepedia) ലോഞ്ച് ചെയ്തു. പാമ്പുകളെ ചിത്രങ്ങളുടെ സഹായത്തോടെയും ശബ്ദരേഖയുടെ (podcast) സഹായത്തോടെയും പരിചയപ്പെടുത്തുന്നതിന് ഒപ്പം പ്രഥമശുശ്രൂഷയെക്കുറിച്ചും ചികിത്സയെ കുറിച്ചും നമ്മുടെ നാട്ടിൽ പ്രചാരത്തിലിരിക്കുന്ന കെട്ടുകഥകളെ കുറിച്ചും അന്ധവിശ്വാസങ്ങളെ കുറിച്ചും വിശകലനം ചെയ്യുന്നു. പാമ്പുകളെ തിരിച്ചറിയാനുള്ള ഒരു ഓൺലൈൻ ഹെൽപ്പ് ലൈനും ഇതിലുണ്ട്. ലളിതമായ ഭാഷയിൽ മലയാളത്തിന് പ്രാധാന്യം നൽകി രൂപകല്പന ചെയ്ത ഈ ആപ്പിൽ ഇംഗ്ലീഷിലും വിവരണങ്ങളും ശബ്ദരേഖയും ലഭ്യമാണ്.90 ശതമാനവും ഇതൊരു ഓഫ്‌ലൈൻ ആപ്പാണ്. ശബ്ദരേഖയും ഓൺലൈൻ ഹെല്പ് ലൈനും ഒഴികെ ബാക്കി എല്ലാ സൗകര്യങ്ങളും ഓഫ്‌ലൈൻ ആണ്.

കേരളത്തിലെ ആശുപത്രികളിൽ അത്യാഹിത വിഭാഗങ്ങളിൽ ജോലിചെയ്യുന്ന ഡോക്ടർമാരെ, പാമ്പുകളെ തിരിച്ചറിയുന്നതിന് സഹായിക്കാനായി അവരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള വാട്സാപ്പ് ഗ്രൂപ്പുകൾ ഇൻഫോക്ലിനിക്കിന്റെയും പാമ്പുകളിൽ ഗവേഷണം നടത്തുന്നവരുടെയും ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്നുണ്ട്. കടിയേറ്റ രോഗിയോടൊപ്പം കടിച്ച പാമ്പുകളെ കൂടി ആശുപത്രിയിൽ കൊണ്ടു വരുന്ന ശീലം നമുക്കിടയിലുണ്ട്. ആവശ്യമുള്ള കാര്യമല്ല എങ്കിൽ പോലും, പാമ്പുകളെ തിരിച്ചറിഞ്ഞാൽ, ചികിത്സിക്കുന്ന ഡോക്ടർക്ക് ഉപകാരപ്രദമായിരിക്കും. ഈ  ഗ്രൂപ്പുകളിൽ ഇതുവരെ വന്ന പാമ്പുകളുടെ (തല്ലിക്കൊന്ന് കൊണ്ടുവന്ന) ചിത്രങ്ങൾ പരിശോധിക്കുമ്പോൾ നമുക്ക് മനസ്സിലാകുന്ന ഒരു കാര്യം കൊല്ലപ്പെടുന്നതിൽ ബഹുഭൂരിപക്ഷവും വിഷമില്ലാത്ത പാമ്പുകളാണ് എന്നാണ്.

പാമ്പിനെ തിരിച്ചറിയുന്ന വിഷയത്തിൽ പൊതുസമൂഹത്തിന് കൂടി പ്രയോജനകരമായ ഒരു വഴി എങ്ങനെ കണ്ടുപിടിക്കാം എന്ന ചോദ്യത്തിന്റെ ഉത്തരമാണ് Snakepedia എന്ന ഈ മൊബൈൽ അപ്ലിക്കേഷൻ. ശാസ്ത്രകുതുകികളും പ്രകൃതിസ്നേഹികളും ഡോക്ടർമാരും ചേർന്ന ഒരു കൂട്ടായ്മയാണ് ഈ മൊബൈൽ ആപ്ലികേഷൻ തയ്യാറാക്കിയിരിക്കുന്നത്.

ലോകത്തിലാകെ മൂവായിരത്തി അറുനൂറോളം ഇനം പാമ്പുകളുണ്ട്. അതിൽ മുന്നൂറിലധികം ഇനങ്ങൾ ഇന്ത്യയിലുണ്ട്. കേരളത്തിലാകട്ടെ പന്ത്രണ്ട് കുടുംബങ്ങളിലായി നൂറിലധികം ഇനം പാമ്പുകളാണുള്ളത്. ഇവയുടെ എഴുനൂറിലധികം ചിത്രങ്ങൾ. താരതമ്യേന വിരളവും എന്നാൽ നിരുപദ്രവകാരികളും, പശ്ചിമഘട്ടത്തിൽ മാത്രം കാണുന്നവയും, കാഴ്ചയിൽ തീരെ ചെറുതുമായ കവചവാലൻ പാമ്പുകളെ ഒഴിവാക്കിയാൽ, 72 സ്പീഷീസുകളിലുള്ള വലിയ പാമ്പുകളുടെ 675 ലധികം ചിത്രങ്ങൾ. അത്യപൂർവ്വങ്ങളായവ ഒഴിച്ച് മറ്റു പാമ്പുകളുടെ ഓരോന്നിന്റെയും ഇരുപതോളം ചിത്രങ്ങൾ. ചില പാമ്പുകളുടെ 20 നിറഭേദങ്ങൾ ഉൾപ്പെടുത്താൻ സാധിച്ചിട്ടുണ്ട് എന്നതിൽ സന്തോഷമുണ്ട്. കേരളത്തിന് അകത്തും പുറത്തുമുള്ള 130-ൽ പരം ആൾക്കാർ പകർത്തിയ പാമ്പുകളുടെ ചിത്രങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ പാമ്പുകളിൽ ഗവേഷണം ചെയ്യുന്നവരും ശാസ്ത്ര കുതുകികളും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർമാരും ഉൾപ്പെടുന്നു.

പാമ്പുകളെ സംബന്ധിച്ച സാധാരണ മൊബൈൽ ആപ്ലിക്കേഷനുകളില്ലാത്ത പല സൗകര്യങ്ങളും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here