തിരുവനന്തപുരം: സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം. വെങ്കിട്ടരാമനാണോ ഒപ്പമുണ്ടായിരുന്ന സ്ത്രീയാണോ സിനാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് മേധാവി മലപ്പുറം തിരൂര്‍ സ്വദേശി കെ.എം. ബഷീറി(35)നെ ഇടിച്ച കാര്‍ ഓടിച്ചിരുന്നതെന്നതില്‍ വ്യക്തത വന്നിട്ടില്ല.

ഇക്കാര്യം സ്ഥിരീകരിക്കാന്‍ മ്യൂസിയം പോലീസിന് കഴിഞ്ഞിട്ടില്ല. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് ഇക്കാര്യം സ്ഥിരീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം, കാര്‍ ഓടിച്ചിരുന്നത് പുരുഷനാണെന്ന് വ്യക്തമാക്കി ചില ദൃക്‌സാക്ഷികള്‍ രംഗത്തെത്തി. ശനിയാഴ്ച രാവിലെ ഒന്നിന് അപകടം നടക്കുമ്പോള്‍ താനല്ല സുഹൃത്താണ് കാറോടിച്ചിരുന്നതെന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ശ്രീറാം വെങ്കിട്ടരാമന്‍ പോലീസിനോട് പറഞ്ഞു. വൈദ്യ പരിശോധനയില്‍ വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

അപകടം നടന്ന് സ്ഥലത്തെത്തിയ പോലീസ് ശ്രീറാമിനൊപ്പമുണ്ടായിരുന്ന സ്ത്രീയെ കസ്റ്റഡിയിലെടുത്തിരുന്നില്ല. പിന്നീട് മാധ്യമ പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷനിലെത്തി കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് അപകടം നടന്ന് നാലു മണിക്കൂറിനു ശേഷം അവരെ വിളിച്ചുവരുത്തി വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കിയത്. വഫ ഫിറോസ് എന്ന യുവതിയുടെ പേരില്‍ തിരുവനന്തപുരത്തു രജിസ്റ്റര്‍ ചെയ്ത കാറിലാണ് ശ്രീറാം സഞ്ചരിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here