തിരുവനന്തപുരം: കിന്‍ഫ്രയുടെ മെഗാ ഫുഡ് പാര്‍ക്ക് (കോഴിപ്പാറ, പാലക്കാട്), കോഴിക്കോട് രാമനാട്ടുകര വ്യവസായ പാര്‍ക്ക്, കുറ്റിപ്പുറം വ്യവസായ പാര്‍ക്ക്, തൃശൂര്‍ പുഴക്കല്‍പ്പാടം വ്യവസായ പാര്‍ക്ക്, കെഎസ്ഐഡിസിയുടെ അങ്കമാലി ബിസിനസ് പാര്‍ക്ക്, പാലക്കാട് ലൈറ്റ് എഞ്ചിനിയറിങ് പാര്‍ക്ക് എന്നിവക്ക് ബാധകമായ ഏകജാലക ക്ലിയറന്‍സ് ബോര്‍ഡ് രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ആവശ്യമായ വിവിധ ലൈസന്‍സുകളും ക്ലിയറന്‍സുകളും വേഗത്തില്‍ ലഭ്യമാക്കുന്നതിനാണ് ബോര്‍ഡ് രൂപീകരിക്കുന്നത്. വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരിക്കും ബോര്‍ഡിന്‍റെ ചെയര്‍മാന്‍. കിന്‍ഫ്ര, കെഎസ്ഐഡിസി എന്നിവയുടെ പ്രതിനിധികളും ബന്ധപ്പെട്ട ജില്ലാ കലക്ടരും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥനും ഉള്‍പ്പെടെ 15 അംഗങ്ങളുള്ളതാണ് ബോര്‍ഡ്.

കേരള ചലച്ചിത്ര വികസന കോര്‍പറേഷനിലെ ജീവനക്കാര്‍ക്ക് ശമ്പള പരിഷ്കരണം നടപ്പാക്കാന്‍ തീരുമാനിച്ചു. എക്സൈസ് വകുപ്പില്‍ 138 വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍മാരുടെ തസ്തിക സൃഷ്ടിക്കും. ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന് കീഴിലെ മെഡിക്കല്‍ കോളേജുകളില്‍ പുതുക്കിയ ശമ്പള നിരക്കില്‍ 721 സ്റ്റാഫ് നഴ്സ് ഗ്രേഡ് – 2 തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

ലോകായുക്തയില്‍ സ്പെഷല്‍ ഗവ. പ്ലീഡറായി പാതിരിപ്പള്ളി കൃഷ്ണകുമാരിയെ നിയമിക്കാന്‍ തീരുമാനിച്ചു. ഒരു വര്‍ഷത്തേക്കാണ് നിയമനം. കെഎസ്എഫ്ഇയുടെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി 2017 മെയ് 31 വരെ ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചു. കിന്‍ഫ്ര മുഖേന പെട്രോ കെമിക്കല്‍ കോംപ്ലക്സ് സ്ഥാപിക്കുന്നതിന് ഫാക്ടിന്‍റെ കൈവശമുള്ള ഭൂമിയില്‍ നിന്ന് 600 ഏക്ര പരസ്പര ധാരണ പ്രകാരം ഏറ്റെടുക്കാന്‍ തീരുമാനിച്ചു. 1864 കോടി രൂപ ചെലവില്‍ കിന്‍ഫ്ര സ്ഥാപിക്കുന്ന പെട്രോ കെമിക്കല്‍ കോംപ്ലക്സിന് വേണ്ടിയാണ് ഭൂമി ഏറ്റെടുക്കുന്നത്.

എനര്‍ജി മാനേജ്മെന്‍റ് സെന്‍ററിലെ ഉദ്യോഗസ്ഥര്‍ക്ക് ശമ്പള പരിഷ്കരണം നടപ്പാക്കാന്‍ തീരുമാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here