ന്യൂഡൽഹി: ഉത്തർപ്രദേശിൽ അറസ്റ്റിലായ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെ ചികിത്സയ്ക്കായി ഡൽഹിയിലേക്ക് മാറ്റണമെന്ന് സുപ്രീംകോടതി. കോവിഡ് പോസിറ്റീവായ ഉത്തർപ്രദേശിലെ മഥുര ജയിലിലാണുള്ളത്. ചികിത്സയ്ക്ക് ശേഷം കോവിഡ് മുക്തനായാൽ കാപ്പനെ തിരികെ ജയിലിലേക്ക് കൊണ്ടുപോകാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ഏത് ആശുപത്രിയിലേക്ക് മാറ്റണമെന്ന കാര്യം ഉത്തര്‍പ്രദേശ് സര്‍ക്കാരിന് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി. ദിവസങ്ങൾക്ക് മുമ്പാണ് സിദ്ദീഖ് കാപ്പന് കോവിഡ് പോസിറ്റീവായത്. കഴിഞ്ഞ ദിവസം യുപി സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ കാപ്പന്‍ കോവിഡ് പോസിറ്റീവാണെന്നും താടിയെല്ലിന് പരിക്കുണ്ടെന്നും പ്രമേഹം ഉള്‍പ്പെടെയുള്ള രോഗങ്ങളുണ്ടെന്നും രേഖപ്പെടുത്തിയിരുന്നു.

സുപ്രീംകോടതി ഉത്തരവ് ആശ്വാസം പകരുന്നതാണെന്ന് സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത് പ്രതികരിച്ചു. ജാമ്യം ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും വിധി ആശ്വാസം നൽകുന്നതാണെന്നും റൈഹാനത്ത് പറഞ്ഞു. വിഷയത്തിൽ ഇടപെട്ട മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, മറ്റു ജനപ്രതിനിധികൾ, മാധ്യമങ്ങൾ എല്ലാവരോടും തീർത്താൽ തീരാത്ത കടപ്പാട് ഉണ്ട്. സത്യം ജയിക്കുമെന്നും റൈഹാനത്ത് പ്രതികരിച്ചു.

അതേസമയം, കാപ്പനെ ഡൽഹിയിലേക്ക് മാറ്റണമെന്ന സുപ്രീംകോടതിയുടെ അഭിപ്രായത്തെ സോളിസിറ്റർ ജനറൽ തുഷാർ മേഹ്ത എതിർത്തു. സമാന കേസുകളിൽ നിരവധി പേർക്ക് സംസ്ഥാനത്ത് ചികിത്സ നൽകുന്നുണ്ടെന്നായിരുന്നു സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചത്. എന്നാൽ സിദ്ദീഖ് കാപ്പന്റെ ആരോഗ്യം സംരക്ഷിക്കേണ്ട ഉത്തരവാദിത്തമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഹത്രാസ് പീഡനം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെയാണ് ഒക്ടോബർ അഞ്ചിന് സിദ്ദിഖ് കാപ്പന് ഉത്തർപ്രദേശ് പൊലീസ് യു.എ.പി.എ വകുപ്പുകൾ പ്രകാരംഅറസ്റ്റ് ചെയ്തത്. അറസ്റ്റിലായി ഒരിക്കൽ മാത്രമാണ് സിദ്ദീഖ് കാപ്പന് ജാമ്യം ലഭിച്ചത്. രോഗിയായ അമ്മയെ കാണാൻ അഞ്ച് ദിവസത്തേക്കായിരുന്നു ജാമ്യം.

LEAVE A REPLY

Please enter your comment!
Please enter your name here