സിദ്ദിഖ് കാപ്പന്റെ ജീവന്‍ രക്ഷിക്കണം; രാഷ്ട്രീയ നേതൃത്വത്തിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് അബ്ദുന്നാസിര്‍ മഅദനി

ബംഗളൂരു: കിരാത നിയമമായ യുഎപിഎ ചുമത്തപ്പെട്ട് യുപിയില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന മലയാളി മാധ്യമ പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പന്റെ ആരോഗ്യനില അതീവഗുരുതരമായ അവസ്ഥയിലാണെന്നും ആശുപത്രിയിലെ കിടക്കയില്‍പോലും ചങ്ങലയില്‍ ബന്ധിച്ചാണ് അദ്ദേഹത്തെ കിടത്തിയിരിക്കുന്നതെന്നുമുള്ള വാര്‍ത്തകള്‍ പുറത്ത് വന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രാഷ്ട്രീയനേതൃത്വത്തിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് അബ്ദുന്നാസിര്‍ മഅദനി. ജുഡീഷ്യല്‍കസ്റ്റഡിയില്‍ കഴിയുന്ന,ഒരു കുറ്റവും തെളിയിക്കപ്പെട്ടിട്ടില്ലാത്ത ഒരു റിമാന്റ് തടവുകാരന് ലഭിക്കേണ്ട പ്രാഥമിക അവകാശത്തിന്റെ ലംഘനമാണ് സിദ്ദിഖിന്റെ കാര്യത്തില്‍ നടക്കുന്നതെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.

മലയാളിയും മാധ്യമ പ്രവര്‍ത്തകനുമായ അദ്ദേഹത്തിന് എത്രയും പെട്ടെന്ന് വിദഗ്ധ ചികിത്സലഭ്യമാക്കുന്നതിനും ജീവന്‍ രക്ഷിക്കുന്നതിനും കേരളാ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് അടിയന്തിര ഇടപെടല്‍ ഉണ്ടാകണം. ഒപ്പം കേരളത്തില്‍ നിന്നുള്ള രാഹുല്‍ഗാന്ധി ഉള്‍പ്പെടെയുള്ള എംപി മാര്‍ അടിയന്തിരമായി രാഷ്ട്രപതിയുടെ ശ്രദ്ധയില്‍ ഈ വിഷയംകൊണ്ടുവന്ന് ഇടപെടല്‍ നടത്തിക്കണം. ഇത് ഒരു മലയാളി പൗരന്റെ ജീവന്റെ പ്രശ്‌നമാണ് മനുഷ്യത്വത്തിന്റെ പ്രശ്‌നമാണ്.- മഅദനി ആവശ്യപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here