ബെയ്ജിങ്: കടുത്ത ഓക്സിജൻ, വെൻ്റിലേറ്റര്‍ ക്ഷാമം നേരിടുന്ന ഇന്ത്യയിലേയ്ക്ക് ലോകരാജ്യങ്ങള്‍ സഹായം എത്തിക്കുന്നതിനിടെ ഇന്ത്യയ്ക്കെതിരെ ചൈനയുടെ നീക്കം. ഇന്ത്യയിലേയ്ക്കുള്ള കാര്‍ഗോ വിമാനങ്ങള്‍ രണ്ടാഴ്ചത്തേയ്ക്ക് നിര്‍ത്തി വെക്കാനാണ് ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സിഷ്വാൻ എയര്‍ലെൻസിൻ്റെ തീരുമാനം. ഇതോടെ വാക്സിൻ, മരുന്നു നിര്‍മാണത്തിനും മറ്റു മെഡിക്കൽ ഉപകരണങ്ങളുടെ പ്രവര്‍ത്തനത്തിനും ആവശ്യമായ സാമഗ്രികളുടെ ഒഴുക്കാണ് തടസ്സപ്പെടുക. കൊവിഡ് 19 സാഹചര്യത്തിൽ ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ചൈനയുടെ ഇരട്ടത്താപ്പ്.

ചൈനയിലെ ഷിയാൻ നഗരത്തിൽ നിന്ന് ഡൽഹി ഉള്‍പ്പെടെ ആറു നഗരങ്ങളിലേയ്ക്കുള്ള വിമാനസര്‍വീസുകള്‍ നിര്‍ത്തി വെയ്ക്കുകയാണെന്നാണ് സിഷ്വാൻ എയര്‍ലൈൻസിൻ്റെ ഉപകമ്പനിയായ സിഷ്വാൻ ച്വാൻഹാങ് സെയിൽസ് ഏജൻ്റുമാരെ അറിയിച്ചത്. ചൈനയിൽ നിന്ന് ഓക്സിജൻ കോൺസെൻട്രേറ്ററുകള്‍ എത്തിക്കാൻ ഇരുരാജ്യങ്ങളിലെയും വ്യാപാരികള്‍ ശ്രമിക്കുന്നതിനിടെയാണ് ചൈനയുടെ നടപടി.

ഇന്ത്യയിൽ കൊവിഡ് 19 ശക്തിപ്പെടുന്ന സാഹചര്യത്തിൽ ചൈനയിലേയ്ക്ക് കൊവിഡ് എത്തുന്നത് തടയാനാണ് നടപടിയെന്നാണ് കത്തിൽ വിമാനക്കമ്പനി വിശദീകരിച്ചിരിക്കുന്നത്. ഇന്ത്യയിലേയ്ക്കുള്ള റൂട്ടുകള്‍ ഏറെ പ്രധാനപ്പെട്ടതാണെന്നും സര്‍വീസ് നിര്‍ത്തിവെക്കുന്നത് വലിയ നഷ്ടമുണ്ടാക്കുമെന്നും കമ്പനി വ്യക്തമാക്കി. എന്നാൽ നിലവിലെ സാഹചര്യം വ്യാപാരികള്‍ മനസ്സിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചൈന വിശദീകരിച്ചു.

അതേസമയം, വിപണിയിൽ ഓക്സിജൻ കോൺസെൻട്രേറ്ററുകള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിച്ച സാഹചര്യത്തിൽ ചൈന ഇവയ്ക്ക് 35 മുതൽ 40 ശതമാനം വരെ വില വര്‍ധിപ്പിച്ചതായും പരാതികളുണ്ട്. കൂടാതെ ചരക്കുകൂലിയിൽ ഇരുപതുശതമാനത്തോളം വര്‍ധനവുള്ളതായും ഷാങ്ഹായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചരക്കുകമ്പനിയുടെ പ്രതിനിധി വാര്‍ത്താ ഏജൻസിയോടു പറഞ്ഞു.

ഇന്ത്യയിൽ ഓക്സിജൻ കോൺസെൻട്രേറ്ററുകളുടെ ആവശ്യം വര്‍ധിച്ച സാഹചര്യത്തിൽ ചൈനയുടെ നടപടി ഖേദകരമാണെന്ന് വ്യാപാരികള്‍ വ്യക്തമാക്കി. നേരിട്ടുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തുന്നതോടെ സിംഗപ്പൂര്‍ വഴിയാണ് ഇന്ത്യയിലേയ്ക്ക് ചരക്കുനീക്കത്തിനുള്ള സാധ്യതയുള്ളതെന്നും ഇത് ചരക്കുനീക്കം വൈകാൻ ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ചൈനയിൽ നിന്ന് ഇന്ത്യയിലേയ്ക്കുള്ള വിമാനങ്ങളിൽ ക്രൂ ചേഞ്ച് നടക്കാത്തതിനാൽ കൊവിഡ് 19 പകരാനുള്ള സാഹചര്യം വളരെ കുറവാണെന്നും നിയന്ത്രണത്തിനുള്ള കാരണം വ്യക്തമല്ലെന്നുമാണ് വ്യാപാരികള്‍ പറയുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here