സ്വർണവും വെള്ളിയും വെങ്കലവും ഒരുമിച്ച് വെടിവച്ചിട്ട് ഇന്ത്യ; വനിതകളുടെ 25 M പിസ്റ്റൽ ഇനത്തിൽ ഇന്ത്യക്ക് ചരിത്ര നേട്ടം

ന്യൂഡൽഹിയിലെ ഡോ കർണി ഷൂട്ടിങ് റേഞ്ചിൽ നിന്ന് വീണ്ടും ഇന്ത്യക്ക് മെഡൽത്തിളക്കം. ഐ എസ് എസ് എഫ് ഷൂട്ടിംഗ് ലോകകപ്പിൽ വനിതകളുടെ 25 മീ പിസ്റ്റ്ൽ ഇനത്തിൽ ആണ് ഇന്ത്യ പോഡിയത്തിലെ മൂന്ന് സ്ഥാനങ്ങളും കരസ്ഥമാക്കിയത്. ചരിത്രത്തിൽ ആദ്യമായി ആണ് ഇന്ത്യയുടെ മൂന്ന് ഷൂട്ടർമാരും ഒരുമിച്ച് പോഡിയത്തിലെ ആദ്യ മൂന്ന് സ്ഥാനങ്ങളും കരസ്ഥമാക്കുന്നത്.

ചിങ്കി യാദവ് സ്വർണവും രാഹി സർണോബത് വെള്ളിയും മനു ഭകർ വെങ്കലവും നേടി. മൂവരും ടോക്യോ ഒളിമ്പിക്സിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. ചിങ്കിയും രാഹിയും തമ്മിൽ നടന്ന ഷൂട്ട് ഓഫിൽ നിന്നാണ് സ്വർണം – വെള്ളി മെഡലുകൾ ആരു നേടുമെന്ന് തീരുമാനം ആയത്. ഫൈനൽ മത്സരത്തിൽ ഇരുവരും തമ്മിൽ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. തങ്ങളുടെ റൗണ്ടുകൾ കഴിഞ്ഞപ്പോൾ ഇരുവരും 32 പോയിന്‍റ് വീതം നേടി ഒപ്പത്തിനൊപ്പം ആയിരുന്നു. പിന്നീട് നടന്ന ഷൂട്ട് ഓഫിൽ ചിങ്കി ടാർഗറ്റിൽ അഞ്ചിൽ നാല് ഷോട്ട് കൊള്ളിച്ചപ്പോൾ രാഹിക്ക് മൂന്നെണ്ണം മാത്രമേ കൊള്ളിക്കാൻ പറ്റിയള്ളൂ.

നേരത്തെ, മറ്റൊരു ഷൂട്ട് ഓഫ് മത്സരത്തിന് ശേഷം ആണ് വെങ്കല മെഡൽ മത്സര ജേതാവിനെ തീരുമാനിച്ചത്. ഷൂട്ട് ഓഫിൽ ഇരുവരും അഞ്ചിൽ നാല് തവണ ടാർഗറ്റിൽ തങ്ങളുടെ ഷോട്ട് കൊള്ളിച്ചു. പക്ഷേ മൊത്തം സ്കോർ എടുത്ത് നോക്കിയപ്പോൾ 29-28 എന്ന നിലയിൽ രാഹി സ്വർണം വെള്ളി മെഡൽ മത്സരത്തിലേക്ക്
യോഗ്യത നേടുകയായിരുന്നു. മനു ഭകറിന് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

ലോകകപ്പിൽ ഒമ്പത് സ്വർണവും അഞ്ച് വീതം വെള്ളിയും വെങ്കലവും നേടി 19 പോയിന്‍റുമായി ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. മൂന്ന് സ്വർണവും രണ്ട് വെള്ളിയും ഒരു വെങ്കലവും നേടി ആറ് പോയിന്‍റുമായി യു എസ് രണ്ടാമതും രണ്ട് സ്വർണവും ഒരു വെങ്കലവും നേടി മൂന്ന് പോയിന്‍റുമായി ഡെന്മാർക്ക് മൂന്നാം സ്ഥാനത്തുമാണ്. 18ന് തുടങ്ങിയ ലോകകപ്പ് ഈ മാസം 29ന് സമാപിക്കും.

അതിനിടെ ഐ എസ് എസ് എഫ് ഷൂട്ടിംഗ് ലോകകപ്പിൽ ഇന്ത്യക്ക് വീണ്ടും സ്വർണത്തിളക്കം. പുരുഷന്മാരുടെ 50 മീറ്റർ റൈഫിൾ മൂന്ന് പൊസിഷൻ എന്ന ഇനത്തിൽ ഐശ്വരി പ്രതാപ് സിംഗ് തോമറാണ് ഇന്ത്യക്ക് വേണ്ടി സ്വർണം നേടിയത്. നേരത്തെ പത്ത് മീ എയർ പിസ്റ്റൽ ഗ്രൂപ്പ് ഇനത്തിൽ ഇന്ത്യയുടെ വനിതാ പുരുഷ ടീമുകൾ സ്വർണം നേടിയിരുന്നു.

ഡോ. കർണി സിംഗ് ഷൂട്ടിംഗ് റേഞ്ചിൽ നടന്ന മത്സരത്തിൽ 462.5 പോയിൻ്റ് നേടിയാണ് താരം ഒന്നാമതെത്തിയത്. ഹംഗറിയുടെ ഇസ്റ്റ്വാൻ പെനി (461.6) രണ്ടാമതും ഡെൻമാർക്കിൻ്റെ സ്റ്റെഫാൻ ഓൽസെൻ (450.9) മൂന്നാമതും എത്തി. ഫൈനലിൽ ഉണ്ടായിരുന്ന ഇന്ത്യയുടെ വെറ്ററൻ താരം സഞ്ജീവ് രജ്പുത് ആറാമതും നീരജ് കുമാർ എട്ടാമതും ആയി മത്സരം പൂർത്തിയാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here