ചരക്കു കപ്പല്‍ ബോട്ട് ഇടിച്ചു തകര്‍ത്തു, 3 മരണം, 8 പേരെ കാണാതായി

0

കൊച്ചി: കൊച്ചി മുനമ്പത്ത് ബോട്ടില്‍ കപ്പലിടിച്ച് മൂന്നു മത്സ്യതൊഴിലാളികള്‍ മരിച്ചു. ഇന്ത്യന്‍ ചരക്കു കപ്പലായ ‘ദേശ് ശക്തി’യാണ് അപകടമുണ്ടാക്കിയതെന്നാണ് സൂചന.

മുനമ്പത്തു നിന്നും 45 കിലോമീറ്റര്‍ അകലെ അന്താരാഷ്ട്ര കപ്പല്‍ചാലില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു അപകടം. ബോട്ട് പൂര്‍ണ്ണമായും തകര്‍ന്നു. കപ്പല്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരുന്നതായി അധികൃതര്‍ വ്യക്തമാക്കി. ഇടിച്ച കപ്പല്‍ ആദ്യം നിര്‍ത്തുകയും പിന്നീട് ഓടിച്ചുപോയെന്നുമാണ് രക്ഷപെട്ട മത്സ്യതൊഴിലാളികള്‍ പറയുന്നത്.

മുനമ്പത്തു നിന്നും പുറം കടലില്‍ മീന്‍ പിടിക്കാന്‍ പോയ പി.വി. ശിവന്റെ ഓഷ്യാനിക് ബോട്ടാണ് അപകടത്തില്‍ പെട്ടത്. 14 മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ മൂന്നു പേരെ രക്ഷപ്പെടുത്തി. എട്ടുപേരേക്കുറിച്ച് വിവരമില്ല. ഇവര്‍ക്കായി തെരച്ചില്‍ നടത്തുകയാണ്. ബോട്ടിലുള്ളവരില്‍ 11 പേര്‍ തമിഴ്‌നാട്ടുകാരാണ്. രണ്ടു പേര്‍ ബംഗാളില്‍ നിന്നുള്ളവരും ഒരാള്‍ മലയാളിയുമാണ്. തമിഴ്‌നാട് സ്വദേശികളായ യുഗനാഥന്‍(45), മണക്കൂടി (50), യാക്കൂബ് (57) എന്നിവരാണ് മരിച്ചത്.

ബോട്ട് തകരുമ്പോള്‍ തൊട്ടടുത്തുണ്ടായിരുന്ന മറ്റൊരു ബോട്ടാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. ഇവര്‍ വിവരമറിയിച്ചതിനേത്തുടര്‍ന്ന് മറ്റ് മത്സ്യബന്ധന ബോട്ടുകള്‍ സംഭവസ്ഥലത്തേക്ക് എത്തിച്ചേരുകയായിരുന്നു.

സംഭവത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യന്ത്രി അറിയിച്ചു. മരിച്ച മൂന്നുപേരുടെ മൃതദേഹങ്ങള്‍ കരയ്‌ക്കെത്തിച്ചു. പരുക്കേറ്റ രണ്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here