ഐതിഹാസിക വിജയം നേടിയതിന്റെ ആഘോഷതിർമിർപ്പിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമും ക്രിക്കറ്റ് ആരാധകരും. നിർണായകമായ നാലാം ടെസ്റ്റിൽ ഓസ്ട്രേലിയയെ നിഷ്പ്രഭരാക്കിയാണ് ടീം ഇന്ത്യൻ ബോർഡർ-ഗാവസ്കർ ട്രോഫി നിലനിർത്തിയത്. ഗബ്ബയിൽ നടന്ന നാലാം ടെസ്റ്റിൽ മൂന്ന് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ക്രിക്കറ്റ് ആരാധകർക്ക് എക്കാലത്തും മനസ്സിൽ ഓർത്തുവയ്ക്കാൻ പറ്റുന്ന ഒരു വിജയമാണ് ഇതെന്ന് നിസ്സംശയം പറയാം.
അതെ സമയം ധാരാളം പ്രത്യേകതകളുള്ള പരമ്പര വിജയം ആണിത്. സീനിയർ താരങ്ങളിൽ പകുതിയോളം പേർക്കും പരിക്കുമായാണ് ഇന്ത്യ പരമ്പര പൂർത്തിയാക്കിയത്. മാത്രമല്ല ഓസ്ട്രേലിയൻ കളിക്കാരുടെ സ്ലെഡ്ജിങ്ങും കാണികളുടെ വംശീയ അധിക്ഷേപവും ഇന്ത്യൻ ക്രിക്കറ്റ് ടീം നേരിടേണ്ടി വന്നിരുന്നു. കോവിഡ് പ്രോട്ടോകോൾ എന്നപേരിൽ ഹോട്ടലിൽ ഏറെക്കുറെ തടങ്കൽ അവസ്ഥയിലായിരുന്നു കളിക്കാർ എന്നും റിപ്പോർട്ടുകളുണ്ട്. ഇത്രയും പ്രതികൂലമായ സാഹചര്യത്തിൽ വിജയിച്ചു കയറിയ ഇന്ത്യൻ ക്രിക്കറ്റ് ടീം തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു. സമൂഹത്തിന്റെ നാനാതുറകളിലുള്ള വ്യക്തികൾ സമൂഹ മാധ്യമങ്ങളിലൂടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രശംസകൊണ്ട് മൂടുകയാണ്. കോൺഗ്രസ് നേതാവും, തിരുവനന്തപുരം എംപിയും, മുൻ ഐക്യരാഷ്ട്ര സഭ അണ്ടർ സെക്രട്ടറി ജനറലുമായ ശശി തരൂരും ഇക്കൂട്ടത്തിൽ കൂടി.
കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷ് വാക്കുകളുടെ പ്രയോഗത്തിൽ പ്രസിദ്ധനായ ശശി തരൂർ ഇത്തവണയും തന്റെ സ്വതസിദ്ധമായ ശൈലി വിട്ടില്ല. ഇന്ത്യൻ ടീമിന്റെ വിജയത്തെ അനുമോദിച്ചു ശശി തരൂർ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു – എപ്പിക്കാരിക്കസി (epicaricacy). ഡിക്ഷണറി എടുക്കാൻ മെനക്കെടേണ്ട. മറ്റൊരാളുടെ ദൗർഭാഗ്യത്തിൽ കണ്ടെത്തുന്ന സന്തോഷം എന്നാണ് എപ്പിക്കാരിക്കസിയുടെ അർഥം. മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം ക്യാപ്റ്റന്മാരായ മൈക്കിൾ ക്ലാർക്ക്, റിക്കി പോണ്ടിങ്, മാർക്ക് വോ എന്നിവർ ഇന്ത്യ ഇത്തവണത്തെ ബോർഡർ-ഗാവസ്കർ ട്രോഫിയിൽ വെള്ളം കുടിക്കും എന്ന് പറഞ്ഞ പത്രകട്ടിങ്ങിനൊപ്പമാണ് പുതിയ ഇംഗ്ലീഷ് പടം ശശി തരൂർ പരിചയപ്പെടുത്തിയത്.