ഇന്നലെ അന്തരിച്ച യുവ സംവിധായകന്‍ ഷാനവാസ് നരണിപ്പുഴയുടെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് നടക്കും. സ്വദേശമായ നരണിപ്പുഴയിലെ ജുമാ മസ്ജിദിലാണ് സംസ്കാരച്ചടങ്ങുകള്‍. ഹൃദയാഘാതത്തെ തുടര്‍ന്ന് കോയന്പത്തൂരില്‍ ചികിത്സയിലായിരുന്ന ഷാനവാസിനെ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു.

മലയാള സിനിമ പ്രതീക്ഷയോടെ കാത്തിരുന്ന യുവ സംവിധായകനാണ് വിട വാങ്ങിയത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വിദഗ്ധ ചികിത്സയിക്കായി ഷാനവാസിനെ എത്തിച്ചെങ്കിലും രാത്രി 10.20 ഓടെ അന്ത്യം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതത്തിന് പിന്നാലെ തലച്ചോറിലുണ്ടായ രക്തസ്രാവവും സ്ഥിതി ഗുരുതരമാക്കി. കൊച്ചിയിലേക്കുള്ള യാത്രാമധ്യേ വീണ്ടും ഹൃദയാഘാതമുണ്ടായതാണ് മരണകാരണം. കൊവിഡ് കാലത്ത് തിയറ്ററുകള്‍ അടഞ്ഞു കിടന്നപ്പോള്‍ ഒടിടി പ്ലാറ്റ്ഫോമില്‍ സുഫിയുടേയും സുജാതയുടേയും പ്രണയം പറഞ്ഞു പ്രേക്ഷകരുടെ ഹൃദയം കീഴടക്കി.

ജാതീയതയെക്കുറിച്ച്‌ പറഞ്ഞ കരി എന്ന ഷാനവാസിന്റെ ആദ്യചിത്രം നിരൂപകര്‍ക്കിടയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. അട്ടപ്പാടിയില്‍ തന്‍റെ മൂന്നാമത്തെ സിനിമയ്ക്കായുളള തിരക്കഥ എ‍ഴുതുന്നതിനിടെയാണ് ഹൃദയാഘാതം വില്ലന്‍ വേഷത്തിലെത്തിയത്. നിര്‍മ്മാതാവ് വിജയ് ബാബു കുറിച്ചത് പോലെ ഒരു ആയുഷ്ക്കാലത്തേക്കുള്ള ഓര്‍മകളും കുറേ അധികം കഥകളും ബാക്കി വെച്ചാണ് ഷാനവാസ് പോയത്.

LEAVE A REPLY

Please enter your comment!
Please enter your name here