തിരുവനന്തപുരം: സുതാര്യമെന്ന് പി.എസ്.സി അവകാശപ്പെട്ട പോലീസ് കോണ്‍സ്റ്റബിള്‍ പട്ടികയില്‍ വന്‍തട്ടിപ്പ് കണ്ടെത്തി. ആഭ്യന്തര വിജിലന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ നേതാക്കളും അഖില്‍ വധക്കേസ് പ്രതികളുമായ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരെ കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടികയില്‍ നിന്നു നീക്കി. ഇവരെ സ്ഥിരമായി അയോഗ്യരാക്കും.

സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിനുള്ള നടപടി സ്വീകരിക്കാന്‍ പി.എസ്.സി. തീരുമാനിച്ചു. വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് എസ്എഫ്‌ഐ നേതാക്കള്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടാക്കാമെന്ന സംശയം ബലപ്പെടുത്തുന്നതെന്ന് പി.എസ്.സിയുടെ പത്രക്കുറിപ്പില്‍ പറയുന്നു. പരീക്ഷ സമയത്ത് ഇവര്‍ മൂന്ന് പേരും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നതായാണ് സൂചന. പരീക്ഷയുടെ ഉത്തരങ്ങള്‍ ഇവര്‍ക്ക് എസ്എംഎസായി ലഭിച്ചുവെന്നാണ് നിഗമനം.

പരീക്ഷക്കിടെ മൂന്ന് പേരുടെ മൊബൈല്‍ ഫോണുകളിലേക്കും നിരവധി തവണ എസ്എംഎസുകള്‍ വന്നുവെന്നും ഇതേക്കുറിച്ച് കേസെടുത്ത് വിശദമായി അന്വേഷിക്കാനും പിഎസ്‌സി ശിപാര്‍ശ ചെയ്യുന്നു. കാസര്‍ഗോഡ് പോലീസ് ക്യാംപിലേക്കുള്ള പരീക്ഷയാണ് നടന്നതെങ്കിലും ഇവര്‍ മൂന്ന് പേരും തിരുവനന്തപുരത്തെ മൂന്ന് കേന്ദ്രങ്ങളില്‍ ഇരുന്നാണ് പരീക്ഷ എഴുതിയത്.

LEAVE A REPLY

Please enter your comment!
Please enter your name here